വിനിയെ ഞാൻ ചീത്ത വിളിച്ചു, അതോടെയാണ് നന്നായത്: വെളിപ്പെടുത്തലുമായി ആഞ്ചലോട്ടി
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ ബൊറൂസിയയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.കാർവഹൽ,വിനീഷ്യസ് എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത്. പതിനഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ UCL കിരീടങ്ങളുള്ള ക്ലബ്ബ് റയൽ മാഡ്രിഡ് തന്നെയാണ്.
മത്സരത്തിന്റെ ആദ്യപകുതിയിൽ റയൽ മോശം പ്രകടനമായിരുന്നു നടത്തിയിരുന്നത്.വിനീഷ്യസ് ജൂനിയറും അങ്ങനെ തന്നെയായിരുന്നു. എന്നാൽ ആദ്യപകുതിക്ക് പിരിഞ്ഞ സമയത്ത് വിനീഷ്യസ് ജൂനിയറെ താൻ ചീത്ത വിളിച്ചു എന്നുള്ള കാര്യം കാർലോ ആഞ്ചലോട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത വിനി ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തു.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഫസ്റ്റ് ഹാഫിനു ശേഷം ഞാൻ ചെറിയ രീതിയിൽ വിനിയെ ചീത്ത പറഞ്ഞിരുന്നു. കാരണം ആദ്യപകുതിയിൽ ഞങ്ങൾ വളരെ അലസരായി കൊണ്ടാണ് കളിച്ചത്.ഞങ്ങൾ ബോളുകൾ നഷ്ടപ്പെടുത്തി.അവരെ അവർ ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ വിട്ടു. വളരെയധികം ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. പക്ഷേ രണ്ടാം പകുതിയിൽ ഞങ്ങൾ താളം കണ്ടെത്തി.പിഴവുകൾ കുറഞ്ഞു. ഇതോടെ സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്തു “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മിന്നുന്ന പ്രകടനമാണ് ഈ ഫൈനൽ മത്സരത്തിലും വിനീഷ്യസ് നടത്തിയിട്ടുള്ളത്. രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോളടിക്കുന്ന താരമായി മാറാനും വിനിക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല 8 ഡ്രിബിളുകൾ ഇന്നലത്തെ മത്സരത്തിൽ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തു. മെസ്സിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം ഡ്രിബിളുകൾ ഒരു താരം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പൂർത്തിയാക്കുന്നത്.