ലിവർപൂളാണ് മികച്ച ടീം,മൂന്ന് ഗോളുകൾക്ക് അവർ റയലിനെ പരാജയപ്പെടുത്തും : മൈക്കൽ ഓവൻ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളാണ്.നാളെ രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു അരങ്ങേറുക. ആരായിരിക്കും ഇത്തവണത്തെ യൂറോപ്യൻ ചാമ്പ്യന്മാർ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
ഏതായാലും ഈ മത്സരത്തിന്റെ ഒരു പ്രവചനം ലിവർപൂൾ ഇതിഹാസമായ മൈക്കൽ ഓവൻ നടത്തിയിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കോ അതല്ലെങ്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കോ റയലിനെ പരാജയപ്പെടുത്തിക്കൊണ്ട് ലിവർപൂൾ കിരീടം ചൂടുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. മുമ്പ് റയലിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഓവൻ.അദ്ദേഹത്തിന്റെ വാക്കുകളെ ഡൈലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 27, 2022
” റയലിനെക്കാൾ മികച്ച ടീമാണ് ലിവർപൂൾ എന്നാണ് ഞാൻ കരുതുന്നത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കോ അതല്ലെങ്കിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കോ റയലിനെ പരാജയപ്പെടുത്താൻ ലിവർപൂളിന് സാധിക്കും. ഇതാണ് എന്റെ പ്രെഡിക്ഷൻ.ഒരു മികച്ച വിജയം തന്നെ നേടാൻ ലിവർപൂളിന് സാധിക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല. കാരണം നിലവിൽ മികച്ച ടീം ലിവർപൂൾ തന്നെയാണ്.റയലിനേക്കാൾ എത്രയോ മുന്നിലാണ് അവർ. ഫൈനലിലെത്താൻ വേണ്ടി റയൽ അത്ഭുതകരമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.ചെൽസിയേയും സിറ്റിയേയും അവർ മറികടന്നത് അത്ഭുതകരമായ രീതിയിലാണ്. പക്ഷേ റയലിനെ പോലെയുള്ള ഒരു ടീമിനെതിരെ എങ്ങനെ ജയിക്കണമെന്നുള്ളത് ലിവർപൂളിന് നന്നായി അറിയാം ” ഇതാണ് ഓവൻ പറഞ്ഞിട്ടുള്ളത്.
2018-ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലും ലിവർപൂളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ ലിവർപൂളിനെ പരാജയപ്പെടുത്തുകയായിരുന്നു.