റയൽ മാഡ്രിഡിന്റെ ‘ ഫെർഗൂസനാവാൻ ‘ ഞാനില്ല : സിദാൻ !

താനൊരിക്കലും റയൽ മാഡ്രിഡിന്റെ ‘അലക്സ് ഫെർഗൂസനാവില്ലെന്ന് ‘ പരിശീലകൻ സിനദിൻ സിദാൻ. ഇന്നലെ ബൊറൂസിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്‌ തകർത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റയൽ മാഡ്രിഡ്‌ പരിശീലകൻ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ദീർഘകാലം പരിശീലകനായ അലക്സ് ഫെർഗൂസനെ പോലെ റയൽ മാഡ്രിഡിൽ ദീർഘകാലം പരിശീലകനാവാൻ ഇല്ലെന്നാണ് സിദാൻ തുറന്നു പറഞ്ഞത്. എത്ര കാലം റയൽ മാഡ്രിഡിൽ തുടരുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും സിദാൻ കൂട്ടിച്ചേർത്തു. ഇന്നലത്തെ മത്സരത്തിൽ വിജയം നേടൽ റയലിന് അനിവാര്യമായിരുന്നു. ഇതോടെ റയൽ മാഡ്രിഡ്‌ താരങ്ങൾ മിന്നുന്ന പ്രകടനം പുറത്തെടുക്കുകയായിരുന്നു. ബെൻസിമയുടെ ഇരട്ടഗോളുകളാണ് റയൽ മാഡ്രിഡിന്റെ രക്ഷക്കെത്തിയത്. ഫലമായി റയൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിക്കുകയായിരുന്നു.

” ഞാനൊരിക്കലും റയൽ മാഡ്രിഡിന്റെ അലക്സ് ഫെർഗൂസനാവാൻ പോവുന്നില്ല. അതുറപ്പാണ്. ഞാൻ എത്ര കാലം ഇവിടെ തുടരുമെന്നുള്ള കാലം എനിക്ക് തന്നെയറിയില്ല. ഞാൻ അതിനെ കുറിച്ച് ചിന്തിക്കാറുമില്ല. ഈ ക്ലബ്ബിൽ എത്താൻ കഴിഞ്ഞതിൽ ഞാൻ വളരെ ഭാഗ്യമുള്ളവനാണ്. ഏറ്റവും ബുദ്ധിമുട്ടേറിയ സമയങ്ങളിൽ കൂടി സന്തോഷമായിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഞാൻ ഒരുപാട് കാലമായി മാഡ്രിഡിൽ താമസിക്കുന്ന ആളാണ്. ഇനിയും കുറച്ചു കാലം കൂടി എനിക്കിവിടെ തുടരേണ്ടതുണ്ട് ” സിദാൻ പറഞ്ഞു. അതേസമയം മാഡ്രിഡിന്റെ പ്രകടനത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് ബൊറൂസിയക്കെതിരെ പുറത്തെടുത്തത് എന്നാണ് സിദാൻ അഭിപ്രായപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *