റയൽ മാഡ്രിഡിന്റെ ടീം ബസ് അപകടത്തിൽപ്പെട്ടു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമ്മൻ ക്ലബ്ബായ ആർബി ലീപ്സിഗാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് ലീപ്സിഗിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ഫസ്റ്റ് ലെഗ് മത്സരമാണ് ഇന്ന് അരങ്ങേറുന്നത്.

ഈ മത്സരത്തിനു വേണ്ടി റയൽ മാഡ്രിഡ് താരങ്ങൾ ജർമ്മനിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ജർമ്മനിയിൽ വച്ച് റയൽ മാഡ്രിഡിന്റെ ടീം ബസ് ഒരു അപകടത്തിൽ പെട്ടിട്ടുണ്ട്.അതായത് ഒരു കാർ ബസ്സിൽ വന്നിടിക്കുകയായിരുന്നു. റയലിന്റെ ലക്ഷ്യസ്ഥാനത്തുനിന്നും 100 മൈൽ അകലെയാണ് ഇത് സംഭവിച്ചിട്ടുള്ളത്. ഒരു ടൊയോട്ട കാറാണ് റയൽ മാഡ്രിഡിന്റെ ടീം ബസ്സിൽ വന്ന് ഇടിച്ചതെന്ന് പ്രമുഖ ജർമൻ മാധ്യമമായ ബിൽഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടയോട്ട കാറിൽ ഉണ്ടായിരുന്ന വ്യക്തി കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ റയൽ മാഡ്രിഡ് ടീം ബസ്സിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ വാഹനം നിയന്ത്രണം വിടുകയും ടീം ബസ്സിൽ ഇടിക്കുകയുമാണ് ചെയ്തത്.റയലിന്റെ ടീം ബസിന് ചെറിയ ഡാമേജ് സംഭവിച്ചിട്ടുണ്ട്.അതേസമയം ടൊയോട്ടക്ക് വലിയ രൂപത്തിലുള്ള ഡാമേജ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എന്നാൽ ആർക്കും തന്നെ പരിക്കുകളോ പ്രശ്നങ്ങളോ ഒന്നുമില്ല.റയൽ മാഡ്രിഡ് താരങ്ങൾ എല്ലാവരും ഒക്കെയാണ് എന്നുള്ള കാര്യം മാർക്കയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് റയൽ മാഡ്രിഡ് കടന്നുപോകുന്നത്. പല പ്രധാനപ്പെട്ട താരങ്ങളും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിൽ ജൂഡ് ബെല്ലിങ്ങ്ഹാമിന് പരിക്കേറ്റിരുന്നു.പ്രതിരോധത്തിലെ പല താരങ്ങളെയും നഷ്ടമായിട്ടുണ്ട്. ഇതിനെല്ലാം മറികടന്നുകൊണ്ട് ലീപ്സിഗിനെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തുക എന്നത് റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *