റയലിനോട് പ്രതികാരം തീർക്കുമോ? വാൻ ഡൈക്ക് പറയുന്നു!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ഒരു കിടിലൻ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.കരുത്തരായ റയൽ മാഡ്രിഡും ലിവർപൂളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക. ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.
സമീപകാലത്ത് ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് ഏറ്റുമുട്ടിയപ്പോഴെല്ലാം ലിവർപൂളിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ ഇത്തവണ ലിവർപൂൾ മിന്നും ഫോമിലാണ് കളിക്കുന്നത്. അതേസമയം റയൽ മാഡ്രിഡിന് ഇത് അത്ര നല്ല സമയമല്ല.അതുകൊണ്ടുതന്നെ ഇന്ന് പ്രതികാരം തീർക്കുമോ എന്ന് ലിവർപൂളിന്റെ ക്യാപ്റ്റനായ വാൻ ഡൈക്കിനോട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ പ്രതികാരം എന്ന ഇന്ധനം തനിക്ക് ആവശ്യമില്ലെന്നും പക്ഷേ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ തങ്ങൾ തയ്യാറായി എന്നുമാണ് വാൻ ഡൈക്ക് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” സത്യം പറഞ്ഞാൽ പ്രതികാരം എന്ന ഇന്ധനമൊന്നും എനിക്ക് ആവശ്യമില്ല. കാരണം ഞങ്ങൾ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. ഇത് ചാമ്പ്യൻസ് ലീഗാണ്.ഇതൊരു വലിയ മത്സരമാണ്.ന്യൂട്രൽസിനെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒരു മത്സരം തന്നെയാണ് ഇത്.ഞങ്ങൾക്ക് ടോപ്പിൽ തന്നെ തുടരണം. അതുകൊണ്ടുതന്നെ വിജയം ആവശ്യമാണ്.യാഥാർത്ഥ്യം എന്തെന്നാൽ ഇതുവരെ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അത് തീർത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ ഇത്തവണ അവരെ പരാജയപ്പെടുത്താൻ ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു ” ഇതാണ് ലിവർപൂൾ ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ ഇതിനോടകം തന്നെ രണ്ടു തോൽവികൾ റയൽ മാഡ്രിഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ലില്ലിയും Ac മിലാനും റയലിനെ തോൽപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അവർക്ക് വിജയം അനിവാര്യമാണ്. ലിവർപൂളിനെതിരെ എപ്പോഴും മികച്ച പ്രകടനം നടത്താറുള്ള വിനീഷ്യസ് ജൂനിയർ ഇന്ന് കളിക്കാനില്ല എന്നത് റയലിന് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്.