റയലിനെ നേരിടുകയാണ്, കാൻ്റെയിൽ പ്രതീക്ഷയർപ്പിച്ച് ടുഷൽ

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ രണ്ടാം പാദത്തിൽ ഇന്ന് ചെൽസി റയൽ മാഡ്രിഡിനെ നേരിടുകയാണ്. മാഡ്രിഡിൽ നടന്ന ആദ്യ പാദ മത്സരം ഇരുടീമുകളും ഒരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. ആ മത്സരത്തിൽ മികച്ച പ്രകടനമാണ് ചെൽസിയുടെ മിഡ്ഫീൽഡർ എൻഗോളോ കാൻ്റെ പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തിലും അദ്ദേഹത്തിൻ്റെ പ്രകടനത്തിൽ ഏറെ പ്രതീക്ഷ വെച്ച് പുലർത്തുകയാണ് ചെൽസി പരിശീലകൻ തോമസ് ടുഷൽ.
ഇന്നലെ നടന്ന പ്രീ മാച്ച് പ്രസ് കോൺഫറൻസിൽ ടുഷൽ കാൻ്റെയുടെ കളിമികവിനെ ഏറെ പ്രകീർത്തിച്ചു.

ടുഷൽ ഫ്രഞ്ച് മിഡ്ഫീൽഡറെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെ: “നിങ്ങൾക്ക് ട്രോഫികൾ നേടിത്തരുന്ന കളിക്കാരനാണ് കാൻ്റെ. അദ്ദേഹം ഞങ്ങളോടൊപ്പമുണ്ടെന്നത് ആത്മവിശ്വാസം പകരുന്നു.
ഞാൻ ഈ കളിക്കാരനെക്കുറിച്ച് ഏറെ സ്വപ്നം ണ്ടിരുന്നു. ഇപ്പോൾ അവൻ എന്റെ ടീമിലെ കളിക്കാരനാണ്.
ടീമിൻ്റെ വിജയത്തിനായി അദ്ദേഹം എല്ലാം നൽകും. എല്ലാ കളിക്കാർക്കും മാതൃകയാണ് കാൻ്റെ! എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏത് ടീമും കൊതിക്കുന്ന കളിക്കാരനാണ് അദ്ദേഹം”.

ഏതായാലും ഇന്നത്തെ മത്സരത്തിൽ റയലിനെ നേരിടുമ്പോൾ ആദ്യ പാദത്തിലെ സ്കോർ മറന്ന് പുതിയ ഒരു മത്സരമെന്നത് പോലെ കളിക്കുമെന്ന് പറഞ്ഞ ടുഷൽ റയൽ മാഡ്രിഡിനെപ്പോലൊരു ടീമിനെ വീഴ്ത്തണമെങ്കിൽ ചെൽസി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *