റയലിനെതിരെ കളത്തിൽ സർവ്വതും സമർപ്പിക്കണം : മാർക്കിഞ്ഞോസ്

ഫുട്ബോൾ ലോകം കാത്തുകാത്തിരുന്ന ആ വമ്പൻ പോരാട്ടം അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ കരുത്തരായ റയൽ മാഡ്രിഡും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30- ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ നായകനായ മാർക്കിഞ്ഞോസ് നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.റയൽ മാഡ്രിഡിനെ കുറിച്ചും പിഎസ്ജിയുടെ ഇപ്പോഴത്തെ മാനസികനിലയെ കുറിച്ചും സഹ താരമായ നെയ്മറെ കുറിച്ചുമൊക്കെ മാർക്കിഞ്ഞോസ് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ചാമ്പ്യൻസ് ലീഗിൽ വലിയ ചരിത്രമുള്ള ഒരു ക്ലബ്ബാണ് റയൽ മാഡ്രിഡ്.എന്റെ കുട്ടിക്കാലത്ത് ഇത്തരം മത്സരങ്ങൾ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ ഞാൻ ഇവിടെ എത്തി നിൽക്കുന്നു, എന്റെ ടീമിൽ മാത്രമാണ് എന്റെ ശ്രദ്ധ.പിഎസ്ജിക്ക് വേണ്ടി കളിക്കുക എന്നുള്ളത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്. എന്റെ ടീമിനു വേണ്ടി പോരാടുന്നത് ഞാൻ ആസ്വദിക്കുന്നു.നാളെ ഞങ്ങൾ മികച്ച പ്രകടനം നടത്തും.ഹോം മത്സരം വളരെ പ്രധാനപ്പെട്ടതാണ്. സമ്മർദ്ദമെല്ലാം മാറ്റിവച്ച് ഞങ്ങൾ ഊർജ്ജത്തോടെ കളിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട ഒരു സമയമാണിത്. കളത്തിൽ ഞങ്ങൾ സർവ്വതും സമർപ്പിക്കണം. അങ്ങനെ ആരാധകരെ ഹാപ്പിയാക്കണം ” ഇതാണ് മാർക്കിഞ്ഞോസ് മത്സരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.

അതേസമയം സഹതാരമായ നെയ്മർ കുറിച്ചും ചില കാര്യങ്ങൾ മാർക്കിഞ്ഞോസ് പങ്കുവെച്ചിട്ടുണ്ട്.അതിങ്ങനെയാണ്.

” അദ്ദേഹം നല്ല രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്,അദ്ദേഹം ആത്മവിശ്വാസത്തിലുമാണ്.മാച്ച് ഷാർപ്നെസ് കുറവാണ് എന്നുള്ളത് ശരിയാണ്. പക്ഷേ നെയ്മർ കളത്തിൽ ഉണ്ടെങ്കിൽ അദ്ദേഹം 100 ശതമാനവും ടീമിനായി നൽകുമെന്നുള്ളത് എല്ലാവർക്കുമറിയാം. അദ്ദേഹം കളിക്കുമോ ഇല്ലയോ എന്നുള്ള കാര്യം പരിശീലകനാണ് തീരുമാനിക്കുക ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.

നെയ്മർ ജൂനിയർ കളിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകരുള്ളത്.അതേസമയം റാമോസിന് ഈ മത്സരം നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *