റയലിനെതിരെയുള്ള മത്സരത്തിലെ പ്രശ്നം,ലിയനാർഡോക്ക് വിലക്ക്,ഖലീഫിയെ കണ്ടില്ലെന്ന് നടിച്ച് യുവേഫ!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടിരുന്നു. ഫലമായി പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. ഇതിന് ശേഷം പിഎസ്ജിയുടെ പ്രസിഡന്റായ നാസർ അൽ ഖലീഫിയും സ്പോർട്ടിംഗ് ഡയറക്ടറായ ലിയനാർഡോയും മത്സരം നിയന്ത്രിച്ചിരുന്ന റഫറിമാരുടെ ഡ്രസ്സിങ് റൂമിൽ എത്തുകയും അക്രമാസക്തരായി പെരുമാറുകയും ചെയ്തിരുന്നു.

ഇതിനെതിരെ യുവേഫ തങ്ങളുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.മത്സരത്തിലെ റഫറി ഇതുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് യുവേഫക്ക് നൽകിയിരുന്നു. ആ റിപ്പോർട്ടിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.

” പിഎസ്ജി പ്രസിഡന്റും സ്പോർട്ടിങ് ഡയറക്ടറും അഗ്രസീവ് ആയിട്ടുള്ള പെരുമാറ്റം പുറത്തെടുക്കുകയും റഫറിമാരുടെ ഡ്രസ്സിംഗ് റൂമിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു.അവർ വാതിൽ ബ്ലോക്ക് ചെയ്തു. റഫറിമാരുടെ ഫ്ലാഗിൽ പ്രസിഡന്റ് മനപ്പൂർവ്വം ഇടിക്കുകയും തകർക്കുകയും ചെയ്തു ” ഇതായിരുന്നു റഫറി യുവേഫക്ക് നൽകിയ റിപ്പോർട്ട്.

ഈ റിപ്പോർട്ട് അടിസ്ഥാനത്തിൽ യുവേഫ ഇപ്പോൾ നടപടി കൈക്കൊണ്ടിട്ടുണ്ട്. അതായത് അന്നത്തെ സ്പോട്ടിങ് ഡയറക്ടറായിരുന്ന ലിയനാർഡോക്ക് ഒരു മത്സരത്തിൽ യുവേഫ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. നിലവിൽ പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ സ്ഥാനത്ത് ലിയനാർഡോ ഇല്ല.

അതേസമയം ഇതിലെ രസകരമായ കാര്യം എന്തെന്നാൽ റഫറിയുടെ റിപ്പോർട്ടിലെ പ്രധാന കുറ്റക്കാരനായ നാസർ അൽ ഖലീഫിക്കെതിരെ യുവേഫ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഉൾപ്പടെയുള്ളവർ യുവേഫയുടെ ഈയൊരു ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *