റഫറി തെറി വിളിച്ചു, ആരോപണവുമായി പിഎസ്ജി താരങ്ങൾ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദമത്സരത്തിലും പരാജയപ്പെടാനായിരുന്നു പിഎസ്ജിയുടെ വിധി. ഇതോടെ ഇരുപാദങ്ങളിലുമായി 4-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിക്കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായിരുന്നു. ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ റിയാദ് മഹ്റസായിരുന്നു പിഎസ്ജിയുടെ സ്വപ്നങ്ങൾ തടയിട്ടത്. മത്സരത്തിന്റെ 69-ആം മിനുട്ടിൽ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ റെഡ് കാർഡ് കണ്ട് പുറത്ത് പോയതും പിഎസ്ജിക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മത്സരശേഷം റഫറിക്കെതിരെ ഗുരുതരആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജി താരങ്ങളായ ആൻഡർ ഹെരേരയും മാർക്കോ വെറാറ്റിയും. നാലിൽ കൂടുതൽ തവണ തങ്ങളെ റഫറി തെറി വിളിച്ചു എന്നാണ് ഇവരുടെ ആരോപണം.റഫറി ബിയോൺ ക്യൂപ്പേഴ്സിനെതിരെയാണ് പിഎസ്ജി താരങ്ങൾ ആരോപണമുയർത്തിയത്.

” റഫറി ലിയാൻഡ്രോ പരേഡസിനോട് പറഞ്ഞത് F**k Off എന്നാണ്. ഞങ്ങളാണ് അത്‌ പറഞ്ഞിരുന്നത് എങ്കിൽ കുറഞ്ഞത് നാല് മത്സരങ്ങളിൽ എങ്കിലും ഞങ്ങൾ പുറത്തിരിക്കേണ്ടി വന്നേനെ ” ഹെരേര മത്സരശേഷം പറഞ്ഞു. അതേസമയം ഇതേ ആരോപണവുമായി വെറാറ്റിയും രംഗത്ത് വന്നു. ” അദ്ദേഹം എന്നോടും കുറച്ചു തവണ F**k off എന്ന് പറഞ്ഞിട്ടുണ്ട്. ഞാനാണ് അത്‌ പറഞ്ഞതെങ്കിൽ എനിക്ക് പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ചേനെ.ഞങ്ങൾ എപ്പോഴും ബഹുമാനത്തോടെയാണ് പെരുമാറാൻ ശ്രമിച്ചത്. പക്ഷേ അദ്ദേഹം മൂന്നോ നാലോ തവണ ഞങ്ങളെ തെറിവിളിച്ചു.മാത്രമല്ല പലപ്പോഴും ഞങ്ങൾക്ക് അദ്ദേഹം യെല്ലോ കാർഡുകൾ നൽകുകയും ചെയ്തു ” ഇതാണ് മാർക്കോ വെറാറ്റി പറഞ്ഞത്. ഏതായാലും ഈ വിഷയത്തിൽ യുവേഫ അന്വേഷണം കൈകൊള്ളുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.

Leave a Reply

Your email address will not be published. Required fields are marked *