രണ്ടെണ്ണത്തിന് പിറകിൽ,അഞ്ചെണ്ണം തിരിച്ചടിച്ചു,ആൻഫീൽഡിലിട്ട് ലിവർപൂളിനെ തീർത്ത് റയൽ!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് വിജയം. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളിനെ പരാജയപ്പെടുത്തിയത്.ലിവർപൂളിന്റെ മൈതാനത്ത് വെച്ചാണ് ഈ വമ്പൻ തോൽവി ലിവർപൂളിന് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലിവർപൂൾ രണ്ട് ഗോളുകൾ നേടിയെങ്കിലും 5 ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് റയൽ മാഡ്രിഡ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ സലായുടെ അസിസ്റ്റിൽ നിന്ന് ഡാർവിൻ നുനസ് ഗോൾ കണ്ടെത്തി. തുടർന്ന് പതിനാലാം മിനിറ്റിൽ മുഹമ്മദ് സലായുടെ ഗോൾ പിറന്നു.റയൽ ഗോൾ കീപ്പർ കോർട്ടുവയുടെ മിസ്റ്റേക്കിൽ നിന്നാണ് ഗോൾ വന്നത്. ഇതോടെ രണ്ട് ഗോളുകളുടെ ലീഡിൽ ലിവർപൂൾ സുരക്ഷിതമായി എന്നൊരു തോന്നൽ ഉണ്ടാക്കി.എന്നാൽ 21ആം മിനുട്ടിൽ ബെൻസിമയുടെ അസിസ്റ്റിൽ നിന്ന് ഗോൾ നേടിക്കൊണ്ട് വിനീഷ്യസ് ജൂനിയർ തിരിച്ചുവരവ് ആരംഭിച്ചു.

36ആം മിനുട്ടിൽ ആലിസൺ ബക്കറുടെ അബദ്ധം കാരണമായി വിനീഷ്യസ് ജൂനിയർ രണ്ടാം ഗോളും നേടി. ഇതോടെ ആദ്യ പകുതി പിന്നിട്ടപ്പോൾ 2-2 എന്ന സമനിലയിൽ മത്സരം കലാശിക്കുകയായിരുന്നു.47ആം മിനുട്ടിൽ മിലിറ്റാവോയുടെ ഹെഡ്ഡർ ഗോൾ പിറന്നു.മോഡ്രിച്ചിന്റെ അസിസ്റ്റായിരുന്നു ഇത്.55ആം മിനുട്ടിൽ റോഡ്രിഗോ നീക്കി നൽകിയ ബോൾ സൂപ്പർ താരം കരിം ബെൻസിമ വലയിൽ എത്തിച്ചതോടുകൂടി ലിവർപൂളിന് കാര്യങ്ങൾ കൈവിട്ടുപോയി.

67ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറുടെ അസിസ്റ്റിൽ നിന്ന് വീണ്ടും ബെൻസിമ ഗോൾ കണ്ടെത്തിയതോടുകൂടി 5-2 എന്ന സ്കോറിന്റെ വമ്പൻ വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.ഇനി റയലിന്റെ മൈതാനത്ത് വെച്ചാണ് രണ്ടാം പാദം അരങ്ങേറുക.മാർച്ച് പതിനഞ്ചാം തീയതിയാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *