യൂറോപ്പ ലീഗ്: ഇൻ്റർ സെമിയിൽ
ഇൻ്റർ മിലാൻ യൂറോപ്പ ലീഗിൻ്റെ സെമിയിൽ കടന്നു. ഇന്ന് പുലർച്ചെ നടന്ന ക്വോർട്ടർ ഫൈനൽ മത്സരത്തിൽ അവർ ജർമ്മൻ ക്ലബ്ബ് ബയെർ ലെവെർക്യുസനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. റൊമേലു ലുക്കാക്കു, നികോള ബരേല്ല എന്നിവരാണ് ഇൻ്ററിനായി ഗോളുകൾ നേടിയത്. ലെവെർക്യുസൻ്റെ ഗോൾ കായ് ഹവേർട്സിൻ്റെ വകയായിരുന്നു. ഈ വിജയത്തോടെ യൂറോപ്പ ലീഗിൻ്റെ സെമിയിൽ കടന്ന ഇൻ്റർ 2009/10 സീസണിന് ശേഷം ആദ്യമായാണ് ഒരു യൂറോപ്യൻ കോംപറ്റീഷനിൽ സെമി ഫൈനലിന് യോഗ്യത നേടുന്നത്.
⚫️🔵 Inter reach their first UEFA competition semi-final since their victorious @ChampionsLeague run in 2009/10 🎉🎉🎉
— UEFA Europa League (@EuropaLeague) August 10, 2020
👀 Are the Nerazzurri going all the way again? #UEL
ഡസ്സൽഡോർഫ് അറീനയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന ഇരുപത് മിനുട്ട് ഒഴികെ മത്സരത്തിൽ ഇൻ്റർ മിലാൻ തന്നെയാണ് ആധിപത്യം പുലർത്തിയത്. കളിയുടെ പതിനഞ്ചാം മിനുട്ടിൽ തന്നെ ഇൻ്റർ ലീഡെടുത്തിരുന്നു. റൊമേലു ലൂക്കാക്കുവിൻ്റെ ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടപ്പോൾ തെറിച്ച് വന്ന പന്ത് നിക്കോളോ ബരേല്ല ബോക്സിന് വെളിയിൽ നിന്നും അടിച്ച് വലയിലാക്കുകയായിരുന്നു. ഇരുപത്തിഒന്നാം മിനുട്ടിലാണ് ലുക്കാക്കു ഗോൾ നേടിയത്. ഡിഫൻ്റർ തന്നെ വീഴ്ത്തുന്നതിനിടെ താരം കൗശലപൂർവ്വം പന്ത് വലയിലാക്കുകയായിരുന്നു. മൂന്ന് മിനുട്ടിനകം കായ് ഹവേർട്സിലൂടെ ലെവർക്യൂസെൻ ഒരു ഗോൾ മടക്കി. തുടർന്നും ഇരു ഭാഗത്തേക്കും ആക്രമണങ്ങൾ നടന്നെങ്കിൽ മത്സരത്തിൽ പിന്നീട് ഗോളുകൾ പിറന്നില്ല.