യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ : സിറ്റി താരത്തെ വാഴ്ത്തി പെപ് ഗാർഡിയോള.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സിറ്റി റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ താരം ഹൂലിയന്‍ ആല്‍വരസ് ഇരട്ട ഗോളുകൾ നേടുകയായിരുന്നു. ശേഷിച്ച ഗോൾ റോഡ്രിയായിരുന്നു നേടിയിരുന്നത്.
സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് സിറ്റിക്ക് വേണ്ടി റോഡ്രി നടത്തുന്നത്. നിർണായകഘട്ടങ്ങളിൽ എല്ലാം ഈ മധ്യനിരതാരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിറ്റി പരിശീലകനായ പെപ് ഗാർഡിയോള. യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ എന്നാണ് റോഡ്രിയെ കുറിച്ച് പെപ് പറഞ്ഞിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🤩🤩🤩 pic.twitter.com/kpohhJcav6
— Manchester City (@ManCity) September 19, 2023
” നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർ റോഡ്രിയാണ്.അസാധാരണമായ ഒരു ഹോൾഡിങ് മിഡ്ഫീൽഡറാണ് അദ്ദേഹം. പക്ഷേ ഇനിയും അദ്ദേഹം കൂടുതൽ മികവിലേക്ക് ഉയരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ താരത്തെ സൈൻ ചെയ്യാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമാണ്. അദ്ദേഹം ക്ലബ്ബിൽ എത്തിയ സമയത്ത് ഇത്തരത്തിലുള്ള ഒരു താരമായിരുന്നില്ല.ഇപ്പോൾ അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റന്മാരിൽ ഒരാളാണ്. ഒരു ടോപ്പ് ക്ലാസ് പ്ലെയർ കൂടിയാണ് അദ്ദേഹം ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിയായിരുന്നു സ്വന്തമാക്കിയിരുന്നത്. അന്ന് ഫൈനൽ മത്സരത്തിൽ ഇന്റർ മിലാനെതിരെ വിജയഗോൾ നേടിയത് റോഡ്രിയായിരുന്നു. ഈ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മധ്യനിരതാരം നേടിക്കഴിഞ്ഞു.