യുവന്റസ് vs ലിയോൺ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ തിയ്യതി നിശ്ചയിച്ചു
യുവന്റസ് vs ലിയോൺ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദമത്സരത്തിനുള്ള തിയ്യതി നിശ്ചയിച്ചു. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച യുവന്റസിന്റെ ഹോം ഗ്രൗണ്ടായ ട്യൂറിനിൽ വെച്ചാണ് മത്സരം നടക്കുക. ലിയോൺ പ്രസിഡന്റ് ആയ ജീൻ മിഷേൽ ഓലസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യപാദമത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിയോൺ യുവന്റസിനെ അട്ടിമറിച്ചിരുന്നു. ഇത് കൂടാതെ മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ് രണ്ടാംപാദമത്സരവും ഇതേ തിയ്യതിയിൽ തന്നെ നടക്കും. പിറ്റേ ദിവസം ബയേൺ vs ചെൽസി, നാപോളി vs ബാഴ്സ രണ്ടാംപാദമത്സരവും നടന്നേക്കും.
” യുവന്റസിനെതിരായ മത്സരം ഓഗസ്റ്റ് ഏഴിന് ട്യൂറിനിലെ അടച്ചിട്ട സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും. ഞങ്ങൾ നൽകിയ അപ്പീലുകൾ വിജയകരമായിട്ടില്ലെങ്കിൽ, പിഎസ്ജിയുടെയും ലിയോണിന്റെയും പൂർണപതനമായിരിക്കും കാണാൻ സാധിക്കുക. എന്തെന്നാൽ ഞങ്ങൾക്ക് തയ്യാറാവാനുള്ള സമയം ലഭിച്ചേക്കില്ല. ഈയൊരു പ്രതിസന്ധി 900 മില്യൺ യുറോയുടെ നഷ്ടമാണ് ഫ്രഞ്ച് ഫുട്ബോളിന് വരുത്തി വെച്ചത്. ഇതിനെ എങ്ങനെ അതിജീവിക്കുമെന്ന് പറയാൻ കഴിയില്ല” ലിയോൺ പ്രസിഡന്റ് ഓലസ് ആർട്ടിഎല്ലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.