യുവന്റസിനെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കാൻ ലിയോണിന് കഴിയുമെന്ന് ഡീപേ!

ഭയം കൂടാതെ ലിയോൺ യുവന്റസിനെതിരെ കളിക്കുകയാണെങ്കിൽ അവരെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ലിയോൺ നായകൻ മെംഫിസ് ഡീപേ. കഴിഞ്ഞ ദിവസം യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യുവന്റസിനെ കീഴടക്കാൻ തങ്ങൾക്കാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. വരുന്ന വെള്ളിയാഴ്ച്ചയാണ് യുവന്റസും ലിയോണും തമ്മിലുള്ള പ്രീക്വാർട്ടറിന്റെ രണ്ടാം പാദം അരങ്ങേറുക. ലിയോണിന്റെ മൈതാനത്ത് വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ് തോൽവി അറിഞ്ഞിരുന്നു. ഇതോടെ രണ്ടാം പാദ മത്സരം യുവന്റസിന് നിർണായകമായി മാറുകയായിരുന്നു. എന്നാൽ സിരി എയിൽ അവസാനരണ്ട് മത്സരങ്ങളിൽ തോൽവി അറിയാനായിരുന്നു യുവന്റസിന്റെ വിധി. മറുഭാഗത്ത് പെനാൽറ്റിയിൽ പിഎസ്ജിയോട് കിരീടം അടിയറവ് വെച്ചാണ് ലിയോൺ വരുന്നത്.

” ആദ്യപാദത്തിൽ ഞാൻ മത്സരം കണ്ടിരുന്നു. ഇഞ്ചുറി ആയതിനാൽ ഞാൻ ആ മത്സരം കളിച്ചിരുന്നില്ല. പക്ഷെ ആ മത്സരത്തിൽ ടീമിന്റെ സമീപനം കണ്ടു ഞാൻ വളരെയധികം സന്തോഷവാനായി. അന്ന് യുവന്റസ് നന്നായി കളിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതികൾ മാറി. അവർ കൂടുതൽ മത്സരങ്ങൾ കളിച്ചു. പരിചയമായി. പക്ഷെ ഞങ്ങൾ തയ്യാറാണ്. യുവന്റസിന് വലിയ മത്സരങ്ങൾ കളിച്ചു പരിചയമുള്ള ഒട്ടേറെ താരങ്ങൾ ടീമിൽ ഉണ്ട്. എന്നാൽ ഞങ്ങളിൽ അങ്ങനെയല്ല. പല താരങ്ങളും അത്ര പരിചയസമ്പന്നത ഇല്ലാത്ത താരങ്ങളാണ്. പക്ഷെ ഒരു കാര്യമുറപ്പാണ്. ഞങ്ങൾ ഭയമൊന്നും കൂടാതെ പോരാടിയാൽ ഞങ്ങൾക്ക് അവരെ കീഴടക്കാൻ സാധിക്കും ” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *