മെസ്സി മികച്ച നിലയിൽ,ആരാധകരിലും ടീമിലും പൂർണ്ണവിശ്വാസം : പോച്ചെട്ടിനോ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് അരങ്ങേറാനിരിക്കുന്നത് വമ്പന്മാരുടെ പോരാട്ടമാണ്.പിഎസ്ജിയും റയലും തമ്മിലാണ് മാറ്റുരക്കുക.ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. എതിരാളികളായ റയലിനെ കുറിച്ചും ടീമിന്റെ മാനസികനിലയെ കുറിച്ചും മെസ്സിയെ കുറിച്ചുമൊക്കെ ചില കാര്യങ്ങൾ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കിരീടങ്ങളുടെ കണക്കും ചരിത്രവും പരിശോധിക്കുകയാണെങ്കിൽ ലോകത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് റയൽ മാഡ്രിഡ്.13 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അവർ നേടിയിട്ടുണ്ട്. നിങ്ങൾ എപ്പോഴും റയലിനെ ബഹുമാനിക്കേണ്ടതുണ്ട്.അവർ വളരെയധികം കരുത്തരാണ്.രണ്ട് ടീമുകളിലും ക്വാളിറ്റി താരങ്ങളുണ്ട്. കിരീടം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷ വെച്ചു പുലർത്തുന്ന ടീമുകളിലൊന്നാണ് ഞങ്ങൾ.ആ സ്വപ്നം സാധ്യമാക്കാൻ വേണ്ടിയാണ് കഴിഞ്ഞ സമ്മറിൽ ടീമിന്റെ കരുത്ത് വർധിപ്പിച്ചത്.ആരാധകരിലും ടീമിലും എനിക്ക് പൂർണവിശ്വാസമുണ്ട്.ഈ മത്സരത്തിൽ രണ്ട് ടീമുകളും തുല്യ ശക്തികളാണ് ” പോച്ചെട്ടിനോ പറഞ്ഞു.

അതേസമയം മെസ്സിയെ കുറിച്ച് പോച്ചെട്ടിനോ പറഞ്ഞത് ഇങ്ങനെയാണ്..

” ടീം നല്ല രൂപത്തിലാണ് ഇപ്പോൾ കാര്യങ്ങൾ ചെയ്യുന്നത്.ഞങ്ങൾക്കിപ്പോൾ ഞങ്ങളുടെ ഫോമിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല.ഈ മത്സരത്തിന് വേണ്ടി ഒരുപാട് മോട്ടിവേഷൻ ഞങ്ങൾക്കുണ്ട്. എല്ലാ താരങ്ങളും വളരെയധികം മോട്ടിവേറ്റഡാണ്. മെസ്സിയിപ്പോൾ മികച്ച നിലയിലാണ്. അദ്ദേഹത്തിന് ഈ മത്സരത്തിൽ ഒരുപാട് താൽപര്യമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ രാത്രിയാണ്.അദ്ദേഹത്തിന്റെ എക്സ്പീരിയൻസും ടാലെന്റും ഞങ്ങൾക്ക് ഗുണകരമാവുമെന്ന് പ്രതീക്ഷിക്കുന്നു ” പോച്ചെട്ടിനോ പറഞ്ഞു.

റയലിനെതിരെ കളിച്ചും ഗോളടിച്ചും പരിചയമുള്ള താരമാണ് മെസ്സി.അദ്ദേഹത്തിൽ തന്നെയാണ് ആരാധകരും പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *