മെസ്സിയോ റൊണാൾഡോയോ? ആരാണ് ചാമ്പ്യൻസ് ലീഗിൽ മികച്ചത്? കണക്കുകൾ സംസാരിക്കുന്നു !
ഫുട്ബോൾ ലോകത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ആ രണ്ട് ഇതിഹാസങ്ങൾ തമ്മിൽ ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ രാത്രി 1:30-ന് ബാഴ്സയുടെ മൈതാനത്തേക്കാണ് യുവന്റസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബാഴ്സ ഇറങ്ങുന്നതെങ്കിൽ പകരം ചോദിക്കാനാണ് യുവന്റസ് ഇറങ്ങുന്നത്. ഏതായാലും മെസ്സിയും റൊണാൾഡോയും ഒരിക്കൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടുമ്പോൾ ആരാണ് ഇത്രയും കാലം മികവ് പുലർത്തിയത് എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. അത്കൊണ്ട് തന്നെ ഇരുവരുടെയും ചാമ്പ്യൻസ് ലീഗ് പ്രകടനം ഒന്ന് പരിശോധിക്കാം.
Messi vs Ronaldo: Who is the Champions League GOAT? 🐐
— Goal News (@GoalNews) December 8, 2020
-ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ –
കിരീടത്തിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോയാണ് മെസ്സിയെക്കാൾ ഒരുപടി മുമ്പിൽ. അഞ്ച് കിരീടങ്ങൾ റൊണാൾഡോ നേടിയപ്പോൾ നാലെണ്ണമാണ് മെസ്സി നേടിയിട്ടുള്ളത്. ഒന്ന് യുണൈറ്റഡിനൊപ്പവും നാലെണ്ണം റയലിനൊപ്പവുമാണ് റൊണാൾഡോ നേടിയതെങ്കിൽ മെസ്സി നാലെണ്ണവും ബാഴ്സക്കൊപ്പമാണ്. ക്രിസ്റ്റ്യാനോ അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയത് 2018 -ലാണെങ്കിൽ മെസ്സി നേടിയത് 2015-ലാണ്.
-ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ അവാർഡ്-
ഈ കാര്യത്തിലും മെസ്സിയെക്കാൾ ഒരുപടി മുമ്പിലാണ് റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് ടോപ് സ്കോറർ അവാർഡ് ഏഴ് തവണ റൊണാൾഡോ നേടിയതെങ്കിൽ ആറ് തവണയാണ് മെസ്സി നേടിയത്. 2013-14 സീസണിൽ 17 ഗോളുകൾ നേടിയതാണ് റൊണാൾഡോയുടെ മികച്ച പ്രകടനമെങ്കിൽ 2011-12 സീസണിൽ 14 ഗോളുകൾ നേടിയതാണ് മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം. 2014-15 സീസണിൽ 10 ഗോളുകൾ നേടിക്കൊണ്ട് മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ ഈ പുരസ്കാരം പങ്കിട്ടിരുന്നു.
-ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ-
ഈ കണക്കുകളിലും ക്രിസ്റ്റ്യാനോ തന്നെയാണ് ഒന്നാമൻ. 173 മത്സരങ്ങൾ കളിച്ച റൊണാൾഡോ 132 ഗോളുകൾ ആകെ നേടി. 0.76 ആണ് ഗോൾശരാശരി. അതേസമയം മെസ്സി 146 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടി. 0.80 ആണ് ഗോൾശരാശരി. നിലവിൽ 14 ഗോളുകൾക്ക് റൊണാൾഡോക്ക് പിന്നിലാണ് മെസ്സി. പക്ഷെ 27 മത്സരങ്ങൾ കുറച്ചാണ് കളിച്ചിട്ടുള്ളത്.
Most appearances ✅
— Goal (@goal) December 7, 2020
Most goals ✅
Most assists ✅
Most trophies ✅
Proof that Ronaldo > Messi in the Champions League? 🐐#UCL pic.twitter.com/Yi7M3wL5zq
-ചാമ്പ്യൻസ് ലീഗിൽ പരസ്പരം ഏറ്റുമുട്ടിയ കണക്കുകൾ-
ഈ കാര്യത്തിൽ മെസ്സിയാണ് മുമ്പിൽ. ഇരുവരും ചാമ്പ്യൻസ് ലീഗിൽ പരസ്പരം അഞ്ച് തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ രണ്ട് തവണ മെസ്സിയുടെ ടീം വിജയിച്ചപ്പോൾ ഒരു തവണ ക്രിസ്റ്റ്യാനോയുടെ ടീം വിജയിച്ചു. ഈ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മെസ്സി നേടിയപ്പോൾ ഒരൊറ്റ ഗോൾ പോലും നേടാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിട്ടില്ല.