മെസ്സിയും നെയ്മറും UCL കളിക്കുമോ? പോച്ചെട്ടിനോ പറയുന്നു!
ലീഗ് വണ്ണിൽ നടന്ന ക്ലർമോന്റ് ഫൂട്ടിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരങ്ങളുടെ അഭാവത്തിലും മികച്ച വിജയം കരസ്ഥമാക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർ ഈ മത്സരത്തിൽ ടീമിനോടൊപ്പമുണ്ടായിരുന്നില്ല. ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ആയിരുന്നതിനാലാണ് പിഎസ്ജി ഇരുവർക്കും വിശ്രമം അനുവദിച്ചിട്ടുള്ളത്.
ഏതായാലും വരുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇരുവരും ഉണ്ടാവുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ.ഇരുവർക്കും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഉണ്ടാവുമെന്നുമാണ് പിഎസ്ജി പരിശീലകൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
PSG stars Messi and Neymar fit for return of Champions League https://t.co/bHbbT2sLpB
— Murshid Ramankulam (@Mohamme71783726) September 13, 2021
” മെസ്സിയും നെയ്മറും വെള്ളിയാഴ്ച്ചയാണ് പാരീസിൽ തിരിച്ചെത്തിയത്.അവർ പരിശീലനം ആരംഭിച്ചിരിക്കുന്നു.അവർ ക്ഷീണിതരാണെങ്കിലും അവരുടെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.എന്തെന്നാൽ അവർക്ക് ശാരീരികമായ പ്രശ്നങ്ങൾ ഒന്നുമില്ല.ഏതായാലും ബുധനാഴ്ച്ചയിലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് അവർ ടീമിനോടൊപ്പമുണ്ടാവും ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
ക്ലബ് ബ്രൂഗെക്കെതിരെയാണ് പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം.ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് ക്ലബ് ബ്രൂഗെയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. മെസ്സി-നെയ്മർ-എംബപ്പേ കൂട്ടുകെട്ട് ആദ്യമായി കളത്തിൽ ഇറങ്ങുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.