മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ, ഇത് യുഗാന്ത്യമോ?

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബാഴ്‌സ പിഎസ്ജിക്ക് മുന്നിൽ സമനിലയിൽ കുരുങ്ങുകയായിരുന്നു. ഇതോടെ അഗ്രിഗേറ്റ് സ്‌കോറിൽ ഏറെ പിന്നിലായ ബാഴ്സ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ കാണാതെ പുറത്താവുകയായിരുന്നു. അതിന് മുമ്പത്തെ ദിവസം കരുത്തരായ യുവന്റസും ചാമ്പ്യൻസ് ലീഗിനോട് വിട ചൊല്ലിയിരുന്നു. പോർട്ടോക്കെതിരെ രണ്ടാം പാദം വിജയിച്ചുവെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ പോർട്ടോ യുവന്റസിനെ മറികടക്കുകയായിരുന്നു. ഇതോടെ ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസതാരങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും ക്വാർട്ടർ കാണാതെ പുറത്തായിരിക്കുന്നത്. ഫുട്ബോൾ ലോകത്തെ ചിരവൈരികളായ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ കളിക്കാനുണ്ടാവില്ല.ദീർഘകാലത്തിന് ശേഷമാണ് ഇരുവരിൽ ഒരാള് പോലും ഇല്ലാത്ത ക്വാർട്ടർ ഫൈനൽ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറാൻ പോവുന്നത്.

2004/05 സീസണിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ കാണാതെ പുറത്തായിരുന്നത്. അതിന് ഇന്ന് വരെ രണ്ടിലൊരാളുടെ ടീം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിക്കാറുണ്ട്. ഇക്കാലയളവിൽ ബാഴ്സ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്. റയലിനോടൊപ്പം ക്രിസ്റ്റ്യാനോ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇങ്ങനെ ചാമ്പ്യൻസ് ലീഗിൽ മിന്നിതിളങ്ങിയിരുന്ന രണ്ട് താരരാജാക്കന്മാരാണ് ഇപ്പോൾ ക്വാർട്ടർ പോലും കാണാനാവാതെ പുറത്താവുന്നത്. തീർച്ചയായും ആരാധകർ ഇതൊരു യുഗാന്ത്യമാണോ എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. ഏതായാലും അടുത്ത ചാമ്പ്യൻസ് ലീഗിൽ ഇരുവരുടെയും പ്രകടനങ്ങൾ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *