മെസ്സിക്ക് മുന്നിൽ വന്മതിലായി നിലകൊണ്ട് ബുഫൺ, കയ്യടി !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ ബാഴ്സയെ യുവന്റസ് കീഴടക്കിയിരുന്നു. റൊണാൾഡോയുടെ ഇരട്ടഗോൾ മികവിലാണ് യുവന്റസ് വിജയം കരസ്ഥമാക്കിയത്. എന്നാൽ മത്സരത്തിൽ ബാഴ്സക്ക്‌ ഒരു ഗോൾ പോലും നേടാനാവാത്തതിന്റെ പ്രധാനകാരണം ഗോൾകീപ്പർ ജിയാൻ ലൂയിജി ബുഫൺ ആണെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. പ്രത്യേകിച്ച് മെസ്സിയുടെ നിരവധി മുന്നേറ്റങ്ങളാണ് ബുഫണിന്റെ കയ്യിൽ അവസാനിച്ചത്. അടുത്ത മാസം നാല്പത്തിമൂന്നു വയസ്സ് തികയുന്ന ബുഫൺ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചപ്പോൾ പലരും നെറ്റിചുളിച്ചിരുന്നു. എന്നാൽ വലിയ മത്സരങ്ങളിൽ ബുഫണിന്റെ പരിചയസമ്പത്ത് മുതൽകൂട്ടാവുമെന്ന് ഉറച്ചു വിശ്വസിച്ച പിർലോ താരത്തെ കളിപ്പിക്കുകയായിരുന്നു. പിർലോക്ക്‌ തെറ്റിയില്ല. മെസ്സിയുടെ ഏഴോളം ഷോട്ടുകളാണ് ബുഫൺ നിഷ്പ്രഭമാക്കിയത്. 2018 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ ഇത്രയും ഷോട്ടുകൾ മെസ്സി തൊടുക്കുന്നത്.മത്സരശേഷം തന്റെ സന്തോഷം പങ്കുവെക്കാനും ബുഫൺ മറന്നില്ല.

“ഈ വിജയത്തിന് ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സാധിക്കും. എന്തെന്നാൽ ആദ്യപാദത്തിൽ രണ്ട് ഗോളിന് തോറ്റ ഞങ്ങളാണ് ഇപ്പോൾ മൂന്ന് ഗോളിന് വിജയിച്ചിരിക്കുന്നത്. ഇതൊരു അസാധാരണമായ കാര്യമാണ്. ഞങ്ങളുടെ പരമാവധി കഴിവ് പുറത്തെടുക്കാൻ ഞങ്ങൾ സജ്ജരാണ്. ഞങ്ങൾ കരുത്തരായ ടീം തന്നെയാണ്. മുമ്പത്തെ പ്രകടനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യേണ്ട ആവിശ്യകതയില്ല. ഓരോ സീസണും വ്യത്യസ്ഥമാണ്. ഞങ്ങൾക്കിടയിലുള്ള ആശയവിനിമയം വർധിപ്പിക്കാൻ കഴിഞ്ഞാൽ, ഞങ്ങൾക്ക്‌ ഒരുപാട് മുന്നേറാൻ സാധിക്കും ” ബുഫൺ സ്കൈ സ്പോർട്സ് ഇറ്റാലിയയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *