മെസ്സിക്കെതിരെ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്: മാർക്കിഞ്ഞോസ് പറയുന്നു!
ഒരിടവേളക്ക് ശേഷം ഫുട്ബോൾ ലോകം ഒരിക്കൽ കൂടി ചാമ്പ്യൻസ് ലീഗിന്റെ ആവേശത്തിലേക്ക് കാലെടുത്തു വെക്കുകയാണ്.ഒരു വമ്പൻ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്.ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ എതിരാളികൾ സ്പാനിഷ് കരുത്തരായ റയൽമാഡ്രിഡാണ്.നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് സൂപ്പർ താരം ലയണൽ മെസ്സിയിലേക്കാണ്.റയലിനെതിരെ കളിച്ചും ഗോളടിച്ചും പരിചയമുള്ള ഒരു താരമാണ് മെസ്സി.അത്കൊണ്ട് തന്നെ മെസ്സിയുടെ സാന്നിധ്യം തന്നെ തങ്ങൾക്ക് ഗുണകരമാവുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.പിഎസ്ജിയുടെ നായകനായ മാർക്കിഞ്ഞോസിനും വലിയ പ്രതീക്ഷകളുണ്ട്. ഇത്തരം വലിയ മത്സരങ്ങളിൽ മെസ്സിക്ക് തിളങ്ങാനാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് മാർക്കിഞ്ഞോസ് പറഞ്ഞത്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാർക്കിഞ്ഞോസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Marquinhos Talks What to Expect From Lionel Messi Against Real Madrid https://t.co/Yrmav1hcks
— PSG Talk (@PSGTalk) February 13, 2022
” മെസ്സിയൊരു മികച്ച വ്യക്തിയും താരവുമാണ്.ലോക്കർ റൂമിൽ അദ്ദേഹത്തോടൊപ്പം ചിലവഴിക്കാൻ കഴിയുന്നത് വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ്. ഞാൻ മുൻപ് ഒരു പാട് തവണ അദ്ദേഹത്തെ നേരിട്ടിട്ടുണ്ട്.തീർച്ചയായും അദ്ദേഹം ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുന്നു. മെസ്സി അദ്ദേഹത്തിന്റെ താളം കണ്ടെത്തി കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ കൂടുതൽ എളുപ്പമാവുന്നതായി എനിക്ക് അനുഭവപ്പെടുന്നുണ്ട്.ഞങ്ങൾ അദ്ദേഹത്തിന് നല്ല സാഹചര്യമൊരുക്കും,അത്കൊണ്ട് തന്നെ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാം. ഇത്തരം വലിയ മത്സരങ്ങളിൽ മെസ്സിക്ക് തിളങ്ങാനാവുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത് ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം നല്ല രൂപത്തിൽ പൂർത്തിയാക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു. അഞ്ച് ഗോളുകളാണ് താരം ഇതുവരെ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് വേണ്ടി നേടിയത്.