മുന്നിലുള്ളത് അഗ്വേറൊയും മെസ്സിയും മാത്രം, ചാമ്പ്യൻസ് ലീഗിൽ മറ്റൊരു നേട്ടത്തിനുടമയായി നെയ്മർ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി ആർബി ലീപ്സിഗിനെ കീഴടക്കിയത്. മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ടാണ് നെയ്മർ പിഎസ്ജിയുടെ വിജയഗോൾ നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ ഗോൾവരൾച്ചക്കാണ് നെയ്മർ വിരാമം കുറിച്ചത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ താരത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ മറ്റൊരു നേട്ടം സ്വന്തം പേരിലാക്കിയിരിക്കുകയാണ് നെയ്മർ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന മൂന്നാമത്തെ ലാറ്റിനമേരിക്കൻ താരമാവാൻ കഴിഞ്ഞിരിക്കുകയാണ് നെയ്മർക്കിപ്പോൾ. അർജന്റൈൻ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, സെർജിയോ അഗ്വേറൊ എന്നിവർ മാത്രമാണ് നെയ്മറുടെ മുന്നിലുള്ളത്. ഇന്നലത്തെ ഗോളോട് കൂടി 36 ഗോളുകളാണ് നെയ്മർ ഇതുവരെ ചാമ്പ്യൻസ് ലീഗിൽ അടിച്ചു കൂട്ടിയിട്ടുള്ളത്.

പിഎസ്ജിയിൽ തന്റെ സഹതാരമായിരുന്ന ഉറുഗ്വൻ താരം എഡിൻസൺ കവാനിയെയാണ് ഇക്കാര്യത്തിൽ നെയ്മർ ഇന്നലെ പിന്തള്ളിയത്. 35 ഗോളുകളാണ് കവാനി ഇതുവരെ ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. താരത്തിന് പിറകിൽ അഞ്ചാം സ്ഥാനത്ത് ബ്രസീലിയൻ താരം കക്കയാണ്. 30 ഗോളുകളാണ് കക്ക ചാമ്പ്യൻസ് ലീഗിൽ നേടിയിട്ടുള്ളത്. 118 ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് ഒന്നാമത്. നാല്പത് ഗോളുകൾ നേടിയ അഗ്വേറൊയാണ് രണ്ടാം സ്ഥാനത്തുള്ളത്. അഞ്ച് ഗോളുകൾ കൂടി നേടിയാൽ അഗ്വേറൊയെ മറികടക്കാൻ നെയ്മർക്ക്‌ സാധിച്ചേക്കും. 63 മത്സരങ്ങളിൽ നിന്നാണ് നെയ്മർ 36 ഗോളുകൾ നേടിയിട്ടുള്ളത്. 27 അസിസ്റ്റുകളും ചാമ്പ്യൻസ് ലീഗിൽ നെയ്മർക്ക്‌ നേടാൻ സാധിച്ചിട്ടുണ്ട്. അതായത് 63 മത്സരങ്ങളിൽ നിന്ന് 63 ഗോൾപങ്കാളിത്തം വഹിക്കാൻ നെയ്മർ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *