ബെർണാബുവിൽ ഒരുപാട് നല്ല ഓർമ്മകൾ എനിക്കുണ്ട് : നെയ്മർ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയും റയലും ഇന്ന് മുഖാമുഖം വരുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. ആദ്യപാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി റയലിനെ പരാജയപ്പെടുത്തിയിരുന്നു.
ഏതായാലും ഈ മത്സരത്തിന് മുന്നേയുള്ള പത്രസമ്മേളനത്തിൽ പിഎസ്ജിയെ പ്രതിനിധീകരിച്ചുകൊണ്ട് സൂപ്പർതാരം നെയ്മർ ജൂനിയറായിരുന്നു പങ്കെടുത്തിരുന്നത്. നിരവധി കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്.സാന്റിയാഗോ ബെർണാബുവിൽ ഒരുപാട് നല്ല ഓർമ്മകൾ തനിക്കുണ്ട് എന്നുള്ള കാര്യം നെയ്മർ പറഞ്ഞിട്ടുണ്ട്.തനിക്കും മെസ്സിക്കും റാമോസിസിനുമൊക്കെ ഇവിടുത്തെ മത്സരം സ്പെഷ്യലാണെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 9, 2022
” എനിക്ക് ബെർണാബുവിൽ ഒരുപാട് നല്ല ഓർമ്മകളുണ്ട്.ഞാൻ അവിടെ ഗോളും അസിസ്റ്റുമൊക്കെ നേടിയിട്ടുണ്ട്. അസാമാന്യ ചരിത്രമുള്ള ഈ മൈതാനത്ത് ഒരുപാട് മികച്ച മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. ഇവിടെ കളിക്കുന്നത് സന്തോഷം നൽകുന്ന ഒരു കാര്യമാണ്.റയലും പിഎസ്ജിയും ഏറ്റുമുട്ടുമ്പോൾ അതെപ്പോഴും തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും.ആരും തന്നെ ഫേവറേറ്റുകൾ ആയിരിക്കില്ല. ഈ മത്സരത്തിൽ ഞങ്ങൾക്ക് ചെറിയൊരു മുൻതൂക്കമുണ്ട്.പക്ഷെ പാരീസിൽ കളിച്ചതിനേക്കാൾ മികച്ച രൂപത്തിൽ ഞങ്ങളിവിടെ കളിക്കേണ്ടതുണ്ട്.എന്നെയും മെസ്സിയെയും സംബന്ധിച്ചിടത്തോളം ഈ മത്സരം സ്പെഷ്യലാണ്. കാരണം ഞങ്ങൾ ബാഴ്സലോണയിൽ ഉണ്ടായിരുന്നവരാണ്.സെർജിയോ റാമോസിനും ഈ മത്സരം സ്പെഷ്യലായിരിക്കും.റയൽ മാഡ്രിഡിനെതിരെ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നുള്ളത് എല്ലാവർക്കും സ്പെഷ്യലായ ഒരു കാര്യം തന്നെയാണ് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
റയലിനെതിരെയുള്ള ആദ്യപാദ മത്സരത്തിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു നെയ്മർ ഇറങ്ങിയിരുന്നത്.എംബപ്പേയുടെ വിജയ ഗോളിന് അസിസ്റ്റ് നൽകിയത് നെയ്മറായിരുന്നു.