ബയേണിനെതിരെ മെസ്സി ഫ്ലോപോ? ചില കണക്കുകൾ കാണൂ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി ബയേണിനോട് അടിയറവ് പറഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പിഎസ്ജി പരാജയപ്പെട്ടത്. ലയണൽ മെസ്സി ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നും തന്നെ മത്സരത്തിൽ ചെയ്യാൻ സാധിച്ചിരുന്നില്ല.
ലയണൽ മെസ്സിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആർക്കാണ് കാര്യങ്ങൾ അനുകൂലമായിരുന്നത്? അതിന്റെ കണക്കുകൾ ഇപ്പോൾ പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് പുറത്ത് വിട്ടിട്ടുണ്ട്.അതൊന്ന് നമുക്ക് പരിശോധിക്കാം.
ലയണൽ മെസ്സി ആകെ 8 മത്സരങ്ങളാണ് ബയേണിനെതിരെ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് നാലു ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രമാണ് മെസ്സി നേടിയിട്ടുള്ളത്. രണ്ട് തവണ മാത്രമാണ് മെസ്സിയുടെ ടീമിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഒരു സമനിലയും അഞ്ചു തോൽവിയും ആയിരുന്നു ലയണൽ മെസ്സിയുടെ ടീമിന്റെ ബാക്കിയുള്ള റിസൾട്ടുകൾ.
2008/09 ചാമ്പ്യൻസ് ലീഗിലാണ് മെസ്സി ആദ്യമായി ബയേണിനെ നേരിടുന്നത്. ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബാഴ്സ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിക്കുകയും മെസ്സി രണ്ട് ഗോളുകൾ നേടുകയും ചെയ്തു. ഒരു അസിസ്റ്റും മെസ്സിയുടെ പേരിൽ ഉണ്ടായിരുന്നു. പിന്നീട് നടന്ന രണ്ടാം പാദ മത്സരത്തിൽ 1-1 ന്റെ സമനിലയായിരുന്നു.
പിന്നീട് 2012/13 സീസണിൽ ബയേണും ബാഴ്സയും മുഖാമുഖം വന്നു. രണ്ട് പാദങ്ങളിലുമായി എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെട്ടത്. രണ്ടാം പാദത്തിൽ മെസ്സി കളിച്ചിരുന്നില്ല. പിന്നീട് ബാഴ്സയും ബയേണും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടി.മെസ്സി കളിച്ചിരുന്നുവെങ്കിലും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെട്ടു.
Lionel Messi has been through it all against Bayern Munich 😅 pic.twitter.com/gqb8NIg0rP
— GOAL (@goal) February 14, 2023
അതിനുശേഷം മെസ്സി 2014/15 സീസണിൽ ബയേണിനെ നേരിട്ടു.മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായിരുന്നു മെസ്സി ആദ്യപാദത്തിൽ നേടിയത്. രണ്ടാം പാദത്തിൽ പരാജയപ്പെട്ടുവെങ്കിലും ബാഴ്സക്ക് മുന്നേറാൻ കഴിഞ്ഞിരുന്നു.
2019/20 സീസണിലെ മത്സരം ആയിരിക്കും മെസ്സി മറക്കാൻ ആഗ്രഹിക്കുന്നത്. ആ മത്സരത്തിൽ 8-2 ന്റെ വൻ തോൽവിയാണ് ബാഴ്സയെ ഏറ്റുവാങ്ങേണ്ടി വന്നത്.മെസ്സിക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.അതിനുശേഷം ഇന്നലത്തെ മത്സരത്തിലും മെസ്സിക്ക് ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ചുരുക്കത്തിൽ ബയേണിനെതിരെയുള്ള രണ്ട് മത്സരങ്ങളിലെ പ്രകടനം മാറ്റി നിർത്തിയാൽ മെസ്സിക്ക് തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെയാണ് യാഥാർത്ഥ്യം.