ഫ്രഞ്ച് നഗരത്തിൽ പിഎസ്ജി ജേഴ്സി അണിയുന്നത് നിരോധിച്ചു !

ഫ്രഞ്ച് നഗരമായ മാഴ്‌സെയിൽ പിഎസ്ജിയുടെ ജേഴ്സി അണിയുന്നത് താൽക്കാലിമായി നിരോധിച്ചു. മാഴ്‌സെയിലെ പോലീസ് അധികൃതരാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് ബിബിസി റിപ്പോർട്ട്‌ ചെയ്യുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി vs ബയേൺ ഫൈനൽ നടക്കുന്നതിന് മുന്നോടിയായി ആണ് ഈ തീരുമാനം പോലീസ് കൈകൊണ്ടത്. നഗരത്തിലെ ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. ലീഗ് വണ്ണിലെ ചിരവൈരികളാണ് പിഎസ്ജിയും മാഴ്‌സെയും. ചാമ്പ്യൻസ് ലീഗിന്റെ പിഎസ്ജിയുടെ സെമി ഫൈനൽ കഴിഞ്ഞതിനു ശേഷം നിരവധി അനിഷ്ടസംഭവങ്ങൾ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇനി ഇതൊഴിവാക്കാൻ വേണ്ടിയാണ് സുരക്ഷാഅധികൃതർ ഇത്തരമൊരു മുൻകരുതൽ എടുത്തത്.

പിഎസ്ജി vs ലീപ്സിഗ് മത്സരത്തിന് ശേഷം മാഴ്‌സെയിൽ ഇരുവിഭാഗക്കാരും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഒരാൾ പിഎസ്ജി ജേഴ്സി ധരിച്ച ഒരു വ്യക്തിയെ ആക്രമിക്കുകയും പോലീസിന്റെ പിടിയിലാവുകയും ചെയ്തിരുന്നു. മാത്രമല്ല നൂറ് കണക്കിന് മാഴ്‌സെ ആരാധകർ പിഎസ്ജിക്കെതിരെ മുദ്രവാക്യം വിളിക്കുകയും കരിമരുന്നു പ്രയോഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. മത്സരഫലം എന്തായാലും ഫൈനലിന് ശേഷം അനിഷ്ടസംഭവങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ട് എന്ന കണക്കുക്കൂട്ടലിലാണ് പോലീസ്. അത്‌ കൊണ്ടാണ് പിഎസ്ജിയുടെ ജേഴ്‌സി അടക്കമുള്ള എല്ലാം നിരോധിച്ചത്. പിഎസ്ജിയുടെ കളറിൽ ഉള്ള ഒന്നും തന്നെ ധരിക്കരുത് എന്നാണ് പോലീസിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *