ഫെർഗൂസന് ശേഷം ഇതാദ്യം,ചരിത്രം കുറിച്ച് ആഞ്ചലോട്ടി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ ആർബി ലീപ്സിഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ഫെഡ വാൽവെർദെ,അസെൻസിയോ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.വിനീഷ്യസ് ജൂനിയർ,ടോണി ക്രൂസ് എന്നിവർ അസിസ്റ്റുകൾ കരസ്ഥമാക്കുകയും ചെയ്തു.
ഈ ജയത്തോടുകൂടി റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ഒരു ചരിത്ര നേട്ടം കുറിച്ചിട്ടുണ്ട്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗിൽ 100 വിജയങ്ങൾ പൂർത്തിയാക്കാൻ ഈ പരിശീലകന് സാധിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ 100 ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം പരിശീലകനാണ് കാർലോ ആഞ്ചലോട്ടി.
ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ 100 വിജയങ്ങൾ നേടിയിട്ടുള്ള പരിശീലകൻ, അത് അലക്സ് ഫെർഗൂസനാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പമാണ് ഫെർഗൂസൻ ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്. എന്നാൽ വ്യത്യസ്ത ക്ലബ്ബുകൾക്കൊപ്പമാണ് ആഞ്ചലോട്ടി 100 ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.
Only two managers in Champions League history have won 100 games in the #UCL
— William Hill (@WilliamHill) September 14, 2022
▪️ Alex Ferguson (102)
▪️ Carlo Ancelotti 🆕
Sir Alex 🤝 Don Carlo. pic.twitter.com/IpTHqitYoR
180 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നാണ് ആഞ്ചലോട്ടി 100 വിജയങ്ങൾ നേടിയിട്ടുള്ളത്. അതേസമയം 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ റയൽ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 2 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ മാത്രമാണ് അലക്സ് ഫെർഗൂസൻ തന്റെ കരിയറിൽ നേടിയിട്ടുള്ളൂ.
ഏതായാലും ആഞ്ചലോട്ടിക്ക് കീഴിൽ റയൽ മാഡ്രിഡ് ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആകെ കളിച്ച ഏഴ് മത്സരങ്ങളിൽ ഏഴിലും റയൽ വിജയം നേടിയിട്ടുണ്ട്. ലാലിഗയിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിലും ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് തന്നെയാണ്.