ഫെർഗൂസന്റെ റെക്കോർഡ് തകർത്തു, ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ അപരാജിത കുതിപ്പുമായി പെപ്പിന്റെ സിറ്റി!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ സ്പാർട്ടയെ പരാജയപ്പെടുത്തിയിട്ടുള്ളത്. സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു.മാത്യൂസ് നുനസ് ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി കൊണ്ട് മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ സിറ്റി മൂന്നാം സ്ഥാനത്താണ് കടന്നുവരുന്നത്.

ഇന്നലത്തെ വിജയത്തോടുകൂടി മാഞ്ചസ്റ്റർ സിറ്റിയും അവരുടെ പരിശീലകനായ പെപ് ഗാർഡിയോളയും ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപരാജിത കുതിപ്പ് ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ പേരിലാണ്.അവസാനമായി ചാമ്പ്യൻസ് ലീഗിൽ കളിച്ച 26 മത്സരങ്ങളിൽ ഒന്നിൽ പോലും അവർക്ക് പരാജയം അറിയേണ്ടി വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും അവരുടെ ഇതിഹാസ പരിശീലകനായ അലക്സ് ഫെർഗൂസന്റെയും റെക്കോർഡ് ആണ് സിറ്റി തകർത്തിട്ടുള്ളത്.

അവസാനത്തെ 26 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ സിറ്റി പരാജയപ്പെട്ടിട്ടില്ല എന്ന് പറയുമ്പോൾ സ്വാഭാവികമായും ഒരു സംശയം ആരാധകർക്ക് ഉയരും. കഴിഞ്ഞതവണ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടുകൊണ്ടാണ് സിറ്റി പുറത്തായത്.പക്ഷേ യഥാർത്ഥത്തിൽ അത് തോൽവിയായി കണക്കാക്കില്ല.കാരണം പെനാൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റി പരാജയപ്പെട്ടിട്ടുള്ളത്. റെഗുലർ ടൈമിലെ റിസൾട്ട് ആണ് പരിഗണിക്കുക.അത് പ്രകാരം ആ മത്സരത്തിലെ റിസൾട്ട് സമനിലയാണ്. അങ്ങനെയാണ് മാഞ്ചസ്റ്റർ സിറ്റി 26 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തുന്നത്.

സെപ്റ്റംബർ 2022 ലാണ് ഈ കുതിപ്പ് സിറ്റി ആരംഭിച്ചത്.അതിനുശേഷം ഇതുവരെ അവർക്ക് ചാമ്പ്യൻസ് ലീഗിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അല്ലാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.അതേസമയം സെപ്റ്റംബർ 2007 മുതൽ മെയ് 2009 വരെയായിരുന്നു ഫെർഗൂസന്റെ യുണൈറ്റഡ് അപരാജിത കുതിപ്പ് നടത്തിയിരുന്നത്. 25 മത്സരങ്ങളിൽ ആയിരുന്നു അവർ തോൽവി അറിയാതെ ചാമ്പ്യൻസ് ലീഗിൽ മുന്നോട്ടു പോയിരുന്നത്. ആ റെക്കോർഡ് ആണ് ഇപ്പോൾ പഴങ്കഥയായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *