പൊരുതി തോറ്റ് സെവിയ്യ, സൂപ്പർ കപ്പും ബയേണിന് തന്നെ !

മറ്റൊരു കിരീടം കൂടി തങ്ങളുടെ ഷെൽഫിലേക്ക് എത്തിച്ചു കൊണ്ട് ബയേൺ മ്യൂണിക്ക് തുടങ്ങി. ഇന്നലെ നടന്ന യുവേഫ സൂപ്പർ കപ്പിന്റെ ഫൈനലിൽ സെവിയ്യയെയാണ് ബയേൺ കീഴടക്കിയത്. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സെവിയ്യ ബയേണിനോട് പരാജയം അറിഞ്ഞത്. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ മത്സരത്തിൽ ലഭിച്ചിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരും യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യൻമാരും തമ്മിലാണ് യുവേഫ സൂപ്പർ കപ്പിൽ മാറ്റുരക്കുക. ബയേണിന് വേണ്ടി ഗോറെട്സ്ക്ക, ഹവിയർ മാർട്ടിനെസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ സെവിയ്യക്ക് വേണ്ടി ലുക്കാസ് ഒകമ്പസാണ് ഗോൾ കണ്ടെത്തിയത്.

ബാഴ്സയിൽ നിന്നും മടങ്ങിയെത്തിയ ഇവാൻ റാകിറ്റിച്ചിനെ ഉൾപ്പെടുത്തിയാണ് സെവിയ്യ ആദ്യ ഇലവൻ പുറത്തു വിട്ടത്. മറുഭാഗത്ത് ലെവന്റോസ്ക്കി, മുള്ളർ, സാനെ, ഗ്നാബ്രി എന്നിവർ ബയേണിന്റെ അക്രമണനിരയെ നയിച്ചു. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിലാണ് സെവിയ്യ ഗോൾ കണ്ടെത്തുന്നത്. തങ്ങൾക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ഒകമ്പസ് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ മുപ്പത്തിനാലാം മിനുട്ടിൽ ഇതിന് മറുപടി ലഭിച്ചു. റോബർട്ട്‌ ലെവന്റോസ്ക്കിയുടെ പാസിൽ നിന്ന് ഒരു കരുത്തുറ്റ ഷോട്ടിലൂടെ ലിയോൺ ഗോറെട്സ്ക്ക ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ പിന്നീട് ഇരുടീമുകൾക്കും നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. തുടർന്ന് നൂറ്റിനാലാം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഹവിയർ മാർട്ടിനെസ് ഗോൾ നേടിയതോടെ സെവിയ്യയുടെ കിരീടപ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് മൂന്ന് സുവർണ്ണാവസരങ്ങൾ സെവിയ്യക്ക് ലഭിച്ചിരുന്നുവെങ്കിലും ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ ഇടപെടലുകൾ സെവിയ്യക്ക് തടസ്സമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *