പെരസുമായി സംസാരിച്ചിരുന്നു,അദ്ദേഹം വേദനയിൽ : ആഞ്ചലോട്ടി
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ പോരാട്ടത്തിൽ റയൽ വമ്പന്മാരായ പിഎസ്ജിയോട് പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയൽ പരാജയപ്പെട്ടത്. മത്സരത്തിൽ മോശം പ്രകടനമായിരുന്നു റയലിന്റെ ഭാഗത്തു നിന്നുണ്ടായത്. അതുകൊണ്ടുതന്നെ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ റയലിനും പരിശീലകൻ ആഞ്ചലോട്ടിക്കും ഏൽക്കേണ്ടി വന്നിട്ടുണ്ട്.
ഏതായാലും താൻ റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസുമായി സംസാരിച്ചിരുന്നു എന്നുള്ള കാര്യം റയൽ പരിശീലകൻ ആഞ്ചലോട്ടി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.എല്ലാവരെ പോലെ അദ്ദേഹവും വേദനയിലാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞത്. കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 19, 2022
” ഞാൻ പ്രസിഡന്റുമായും ക്ലബ്ബിലെ എല്ലാവരുമായും സംസാരിച്ചിരുന്നു. ഞങ്ങൾക്കേറ്റ വേദന പോലെ അവർ എല്ലാവരും വേദനയിലാണ്.ടീമിന്റെ ഇമേജ് നല്ലതായിരുന്നില്ല. ഞങ്ങളുടെ പ്രശ്നങ്ങൾ തന്നെയാണ് റിസൾട്ട് ആയി മാറിയത്. പക്ഷേ അത് മാറ്റാൻ സാധിക്കുന്ന ഒന്നാണ്. സത്യം പറയുകയാണെങ്കിൽ ഞങ്ങൾ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇപ്പോൾ ലഭിക്കുന്ന വിമർശനം ന്യായമുള്ള കാര്യമാണ്. കാരണം ഞങ്ങൾ തെറ്റായ രീതിയിലാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത്. അതുകൊണ്ടുതന്നെ ഞാൻ സ്വയം വിമർശനം നടത്തുകയും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നു. വിമർശനങ്ങളിൽ നിന്ന് ഞങ്ങൾ പഠിക്കേണ്ടതുണ്ട്,എന്നാൽ ചില വിമർശനങ്ങൾ അസംബന്ധമാണ് ” ആഞ്ചലോട്ടി പറഞ്ഞു.
മാർച്ച് ഒമ്പതാം തീയതിയാണ് രണ്ടാം പാദ പ്രീ ക്വാർട്ടർ അരങ്ങേറുക. സ്വന്തം മൈതാനത്ത് വെച്ചാണ് റയൽ ഈ മത്സരം കളിക്കുക.