പെനാൽറ്റി പാഴാക്കി,റയലിനെതിരെ 2018-ന് ശേഷം ഗോളടിക്കാനാവാതെ മെസ്സി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി റയലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ എംബപ്പേ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം അദ്ദേഹം മറക്കാനാഗ്രഹിക്കുന്ന ഒരു നിമിഷം ഈ മത്സരത്തിൽ ഉണ്ടായിട്ടുണ്ട്. അതായത് മത്സരത്തിന്റെ 62-ആം മിനുട്ടിൽ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി മെസ്സി പാഴാക്കുകയായിരുന്നു.താരത്തിന്റെ പെനാൽറ്റി റയൽ ഗോൾകീപ്പർ കോർട്ടുവ തടഞ്ഞിടുകയായിരുന്നു.
What a photo. pic.twitter.com/v5xdZ9kjt7
— B/R Football (@brfootball) February 15, 2022
ഇതോടെ റയലിനെതിരെ ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ഒരു മെസ്സിയെ തന്നെയാണ് ഇപ്പോൾ നമുക്ക് കാണാനാവുക. അതായത് മെസ്സി റയലിനെതിരെ കളിച്ച കഴിഞ്ഞ ആറു മത്സരങ്ങളിൽ ഒരൊറ്റ ഗോൾ പോലും നേടിയിട്ടില്ല.മെസ്സി അവസാനമായി റയലിനെതിരെ ഗോൾ നേടിയത് 2018 മെയ് മാസത്തിലാണ്. അതേസമയം മൊത്തം കണക്കുകൾ എടുക്കുമ്പോൾ മെസ്സിക്ക് വലിയ മികവ് അവകാശപ്പെടാനുണ്ട്.റയലിനെതിരെ ആകെ കളിച്ച 46 മത്സരങ്ങളിൽനിന്ന് 26 ഗോളുകളും 14 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
എന്നാൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ആശ്വസിക്കാവുന്ന മറ്റൊരു കണക്കു കൂടി ഉണ്ട്.എന്തെന്നാൽ മാർച്ച് 2019 ന് ശേഷം റയലിനെ പരാജയപ്പെടുത്താൻ മെസ്സിയുടെ ടീമിന് സാധിച്ചിരുന്നില്ല.ഈയൊരു വിജയ വരൾച്ചക്ക് വിരാമമിടാൻ ഇന്നലത്തെ മത്സരത്തോടുകൂടി മെസ്സിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ പെനാൽറ്റി പാഴാക്കിയത് മെസ്സിക്ക് നിരാശ പകരുന്ന ഒരു കാര്യം തന്നെയാണ്.