പൂർണ്ണമായും ബഹുമാനം ലഭിക്കാൻ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടണം :പെപ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.ഡി ബ്രൂയിനയായിരുന്നു സിറ്റിയുടെ വിജയ ഗോൾ നേടിയത്. രണ്ടാംപാദം കൂടി തരണം ചെയ്താൽ സിറ്റിക്ക് സെമിയിലേക്ക് പ്രവേശിക്കാം. ഇതുവരെ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ സാധിക്കാത്ത ടീമാണ് സിറ്റി. ഇത്തവണ അതിനു മാറ്റമുണ്ടാകുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏതായാലും സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ സിറ്റിക്ക് പൂർണ്ണ ബഹുമാനം ലഭിക്കാൻ ഒരു ചാമ്പ്യൻസ് ലീഗ് കിരീടം ആവശ്യമാണ് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ചില സമയങ്ങളിൽ നമ്മൾ ഹാപ്പിയായിരിക്കും.പക്ഷെ അകത്തുള്ള സന്തോഷം പുറമെ കാണിക്കാൻ നമുക്ക് ചില തെളിവുകൾ ആവശ്യമായിവരും. ഞങ്ങൾ ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് തെളിയിക്കാൻ വേണ്ടി പ്രൂഫുകൾ ഉണ്ടാക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സിറ്റിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്ന ആളുകളുടെ വാദത്തെ ഞാൻ അംഗീകരിക്കുന്നു. ലോകത്തുള്ള എല്ലാവരുടെയും ശ്രദ്ധ നേടണമെങ്കിൽ നിങ്ങൾ യൂറോപ്പ് കീഴടക്കേണ്ടതുണ്ട്. പക്ഷേ അത് സംഭവിക്കുമോ എന്നെനിക്കറിയില്ല. ഇതുവരെ ഞങ്ങൾ ചെയ്ത കാര്യങ്ങളിൽ ഞങ്ങൾ ഹാപ്പിയാണ്. ഒരുപാട് നല്ല കാര്യങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്.ഇത് മതിയാവുമോ ഇല്ലയോ എന്നുള്ളതൊന്നും വിഷയമല്ല. ഒരുപാട് ആളുകൾ ഞങ്ങളെ അഭിനന്ദിക്കാറുണ്ട് ” പെപ് പറഞ്ഞു.

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്താൻ സിറ്റിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ചെൽസിയോട് സിറ്റി പരാജയപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *