പിഎസ്ജി ആരാധകരാണ് ഇതിനൊക്കെ കാരണം: പെനാൽറ്റി വിവാദത്തിൽ കുറ്റപ്പെടുത്തി ന്യൂകാസിൽ പരിശീലകൻ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ പിഎസ്ജി സമനില നേടിക്കൊണ്ട് രക്ഷപെട്ടിരുന്നു.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് നടന്ന മത്സരത്തിൽ പിഎസ്ജിയും ന്യൂകാസിൽ യുണൈറ്റഡും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.ഐസക്ക് നേടിയ ഗോളിലൂടെ ന്യൂകാസിൽ ഒരുപാട് സമയം മുന്നിട്ടുനിന്നെങ്കിലും മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ വഴങ്ങിയ പെനാൽറ്റി അവർക്ക് തിരിച്ചടിയാവുകയായിരുന്നു.എംബപ്പേ ആ പെനാൽറ്റി ഗോളാക്കിക്കൊണ്ട് സമനില നേടിയെടുക്കുകയായിരുന്നു.

എന്നാൽ ആ പെനാൽറ്റിയിൽ ഇപ്പോൾ വിവാദം രൂക്ഷമാവുകയാണ്. അത് പെനാൽറ്റി അർഹിച്ചിരുന്നില്ല എന്നത് തന്നെയാണ് നിയമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ ന്യൂകാസിൽ യുണൈറ്റഡ് പരിശീലകനായ എഡ്ഢി ഹോവ് പിഎസ്ജി ആരാധകരെയാണ് വിമർശിച്ചിട്ടുള്ളത്. അവരുടെ പ്രഷർ മൂലമാണ് റഫറിക്ക് പെനാൽറ്റി നൽകേണ്ടിവന്നത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ന്യൂകാസിൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ താരങ്ങൾ മികച്ച രീതിയിലാണ് ഇന്ന് കളിച്ചത്.അവർ വളരെയധികം ആത്മാർത്ഥത പുലർത്തി.പക്ഷേ നിർഭാഗ്യം ഞങ്ങൾക്ക് വില്ലനായി.അതൊരു പെനാൽറ്റിയാണ് എന്ന് ഞാൻ കരുതുന്നില്ല. ആദ്യം അദ്ദേഹത്തിന്റെ ചെസ്റ്റിലാണ് ആ ബോൾ തട്ടുന്നത്. ആ നിമിഷം വരെ റഫറി നല്ല രീതിയിലാണ് മത്സരം കൊണ്ടുപോയത്.എനിക്ക് മനസ്സിൽ തോന്നുന്നത് എല്ലാം ഇവിടെ പറയാൻ പറ്റില്ല. കാരണം അത് പ്രശ്നങ്ങളുണ്ടാക്കും. പക്ഷേ പിഎസ്ജി ആരാധകർ കാരണമാണ് അത് പെനാൽറ്റി വിധിച്ചതെന്ന് തോന്നുന്നു ” ഇതാണ് ന്യൂകാസിൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതേസമയം ന്യൂകാസിൽ ഇതിഹാസമായ അലൻ ഷിയററും റഫറിയുടെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വൃത്തികെട്ട തീരുമാനം ഞങ്ങളുടെ താരങ്ങളുടെ മികച്ച പ്രകടനത്തെ അലങ്കോലമാക്കി എന്നാണ് ഷിയറർ ആരോപിച്ചിട്ടുള്ളത്. ഏതായാലും റഫറിയുടെ ഈ തീരുമാനത്തിനെതിരെ ഫുട്ബോൾ ലോകത്ത് വലിയ പ്രതിഷേധം ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *