പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ഭാവിയെന്ത്? പ്രസിഡന്റ് പറയുന്നു
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ എല്ലാ സ്പോർട്സ് ഇവെന്റുകളും ഉപേക്ഷിക്കാൻ ഫ്രഞ്ച് പ്രധാനമന്ത്രി ഉത്തരവിട്ടത്. ഇതോടെ പാതിവഴിയിൽ നിർത്തിയ ലീഗ് വണ്ണും ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരായി. ചാമ്പ്യൻമാരേയോ പ്രമോഷനോ റെലഗേഷനോ ഒന്നും തന്നെ ഇത് വരെ തീരുമാനമായിട്ടില്ല. സെപ്റ്റംബർ വരെ ഫ്രാൻസിൽ ഒരു മത്സരവും നടക്കില്ല എന്ന തീരുമാനം വന്നതോടെ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ഭാവി ആശങ്കയിലായിരിക്കുകയാണ്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ പന്ത്തട്ടുമെന്നും ക്ലബിന്റെ പ്രസിഡന്റ് നാസർ അൽ ഖലീഫി അറിയിച്ചു കഴിഞ്ഞു.കഴിഞ്ഞ ദിവസം ആർഎംസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
” ഞങ്ങൾ ഫ്രഞ്ച് ഗവണ്മെന്റിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. യുവേഫയുമായിട്ടുള്ള കരാർ പ്രകാരം തീർച്ചയായും ഞങ്ങൾ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുക തന്നെ ചെയ്യും. ഫ്രാൻസിൽ കളിക്കാൻ സാധ്യമല്ല എന്നുണ്ടെങ്കിൽ ഞങ്ങൾ വിദേശത്ത് എവിടെയെങ്കിലും വെച്ച് ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കും. തങ്ങളുടെ താരങ്ങളുടെയും സ്റ്റാഫുകളുടെയും ആരോഗ്യത്തിന് വേണ്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിട്ടായിരിക്കും കളിക്കുക “അൽ ഖലീഫി ആർഎംസി സ്പോർട്ടിനോട് പറഞ്ഞു. അതേ സമയം ഫ്രഞ്ച് ക്ലബായ ലിയോണും ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ അവർ പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.