പരിഹസിച്ചവരോട് കൂട്ടീഞ്ഞോയുടെ മധുരപ്രതികാരം !

2018-ലെ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ഫിലിപ്പെ കൂട്ടീഞ്ഞോ വമ്പൻ തുകക്ക് ലിവർപൂളിൽ നിന്നും ബാഴ്സയിൽ എത്തിയത്. പ്രതീക്ഷകളോടെ ടീമിൽ എത്തിയ താരത്തിന് വേണ്ട വിധം തിളങ്ങാനായില്ല. ബാഴ്സയിൽ താളം കണ്ടെത്താൻ താരം പാടുപെട്ടു. പ്രത്യേകിച്ച് താരം സാധാരണകളിക്കുന്ന പൊസിഷൻ ബാഴ്‌സ നൽകാതിരുന്നതാണ് താരത്തിന് ഏറെ തിരിച്ചടിയായത്. കുറച്ചു മത്സരങ്ങളിൽ ബെഞ്ചിലും ഇരുന്നു. തുടർന്ന് കഴിഞ്ഞ വർഷം താരത്തെ ലോണിൽ അയക്കാൻ ബാഴ്സ തീരുമാനിച്ചു. അങ്ങനെ കൂട്ടീഞ്ഞോ ബയേണിൽ എത്തി. താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കൂട്ടീഞ്ഞോ ബയേണിൽ കാഴ്ച്ചവെച്ചതെങ്കിലും പഴയ കൂട്ടീഞ്ഞോ ആവാൻ സാധിച്ചിരുന്നില്ല. ഈ സീസണോടെ താരം ബാഴ്സയിലേക്ക് തന്നെ മടങ്ങിയെത്തും എന്നറിയിച്ചിരുന്നു. എന്നാൽ തങ്ങൾ നിലനിർത്തില്ലെന്ന് അറിയിച്ചതോടെ താരത്തിന്റെ ഭാവി പ്രതിസന്ധിയിൽ ആയിരുന്നു. കൂടാതെ ഒട്ടനവധി പരിഹാസങ്ങളും വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു.

എന്നാൽ ആ പരിഹാസങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് കൂട്ടീഞ്ഞോ. കേവലം പതിനഞ്ച് മിനുറ്റിനിടെ മൂന്ന് ഗോളാണ് കൂട്ടീഞ്ഞോ കാരണം ബാഴ്സയുടെ വലയിൽ വീണത്. കൂട്ടീഞ്ഞോയുടെ മധുരപ്രതികാരം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. 75-ആം മിനുട്ടിലാണ് കൂട്ടീഞ്ഞോ പകരക്കാരനായി തന്റെ ടീമിനെതിരെ ഇറങ്ങിയത്. 82-ആം മിനുട്ടിൽ ലെവന്റോസ്ക്കി നേടിയ ഗോളിന് അളന്നു മുറിച്ച ക്രോസ് പിറന്നത് കൂട്ടീഞ്ഞോയുടെ കാലിൽ നിന്നായിരുന്നു. അമാന്തിച്ചു നിൽക്കാൻ കൂട്ടീഞ്ഞോ തയ്യാറായില്ല. 85-ആം മിനുട്ടിൽ മുള്ളറുടെ പാസിൽ നിന്ന് കൂട്ടീഞ്ഞോ മനോഹരമായ ഒരു ഗോൾ നേടി. നാലു മിനുട്ടിന് ശേഷം കൂട്ടീഞ്ഞോ വീണ്ടും ഗോൾ നേടി. ലുക്കാസ് ഹെർണാണ്ടസ് ആയിരുന്നു ഇതിന് വഴിയൊരുക്കിയത്. അങ്ങനെ 5-2 എന്ന സ്കോറിൽ രക്ഷപ്പെടുമെന്ന് കരുതിയ ബാഴ്സക്ക് മൂന്നെണ്ണം കൂടി നൽകാൻ കാരണക്കാരനായി കൊണ്ട് കൂട്ടീഞ്ഞോ അക്ഷരാർത്ഥത്തിൽ ഒരു പ്രതികാരം തീർക്കുകയായിരുന്നു. എന്നാൽ താൻ നേടിയ ഗോളുകൾ ഒന്നും തന്നെ താരം ആഘോഷിക്കാൻ തയ്യാറാവാത്തത് ഫുട്ബോൾ ആരാധകരുടെ മനം നിറച്ചു. ബാഴ്സയിപ്പോഴും തനിക്ക് പ്രിയപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

Leave a Reply

Your email address will not be published. Required fields are marked *