പരിക്ക്, ഹൃദയം തകർന്ന കുറിപ്പുമായി നെയ്മർ!

കഴിഞ്ഞ കാനിനെതിരെയുള്ള മത്സരത്തിലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റത്. തുടർന്ന് താരത്തിന്റെ മെഡിക്കൽ റിപ്പോർട്ട്‌ പിഎസ്ജി പുറത്ത് വിട്ടിരുന്നു. അഡക്ടർ ഇഞ്ചുറിയാണ് താരത്തിന് സ്ഥിരീകരിച്ചത്. ഫലമായി നാലാഴ്ച്ചയെങ്കിലും താരം പുറത്തിരിക്കേണ്ടി വരും. ഇതോടെ എഫ്സി ബാഴ്സലോണക്കെതിരെയുള്ള ആദ്യപാദ പ്രീ ക്വാർട്ടർ താരത്തിന് നഷ്ടമാവുമെന്നുറപ്പായി. രണ്ടാം പാദ പ്രീ ക്വാർട്ടറിൽ കളിക്കുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. ഇപ്പോഴിതാ തന്നെ വിടാതെ പിന്തുടരുന്ന പരിക്ക് കാരണം മനം മടുത്തിരിക്കുകയാണ് നെയ്മർ. ഹൃദയം തകർന്ന ഒരു കുറിപ്പാണ് ഇന്നലെ നെയ്മർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഒരുപാട് ദുഃഖത്തിലാണ് താനെന്നാണ് നെയ്മർ വ്യക്തമാക്കിയത്. ആ കുറിപ്പിന്റെ ചുരുക്കരൂപം താഴെ നൽകുന്നു.

” വലിയ ദുഃഖമുണ്ട്, അസഹനീയമായ വേദനയുമുണ്ട്.ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യമായ ഫുട്ബോൾ ഒരിക്കൽ ഞാൻ നിർത്തി വെക്കേണ്ടി വരുന്നു.എനിക്കാണോ പ്രശ്നം അതല്ലെങ്കിൽ എന്റെ കളിശൈലിക്കാണോ പ്രശ്നം എന്നെനിക്കറിയില്ല.താരങ്ങളും പരിശീലകരും കമന്റെറ്റർമാരും ഇതിന്റെ പേരിൽ എന്നെ പരിഹസിക്കുന്നതിലും കുറ്റപ്പെടുത്തുന്നതിലും എനിക്കൊരുപാട് സങ്കടമുണ്ട്.യഥാർത്ഥത്തിൽ ഒരുപാട് ദുഃഖം തോന്നുന്ന ഒരു നിമിഷമാണ് ഇത്. ഈ ദുഃഖം എത്ര നാൾ നീണ്ടുനിൽക്കുമെന്ന് എനിക്കറിയില്ല.ഫുട്ബോൾ കളിക്കുന്നതിലൂടെ സന്തോഷവാനാകണം എന്ന കാര്യം മാത്രമേ എനിക്കിപ്പോൾ വേണ്ടതൊള്ളൂ.. മറ്റൊന്നും വേണ്ട ” നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *