പരിക്കും സസ്‌പെൻഷനും,റയലിനെ നേരിടാനൊരുങ്ങുന്ന പെപ്പിന് തലവേദന!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി കളത്തിലേക്കിറങ്ങുന്നുണ്ട്. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ് സിറ്റിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
പെപ് ഗ്വാർഡിയോളയുടെ സിറ്റിയെ സംബന്ധിച്ചിടത്തോളം വളരെയധികം ബാലൻസ്ഡായിട്ടുള്ള ഒരു ടീമാണ് അവർക്കുള്ളത്. അതുകൊണ്ടുതന്നെ തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് അവർ പുറത്തെടുക്കുന്നത്.
എന്നാൽ ഇന്നത്തെ മത്സരത്തിൽ ചില പ്രധാന താരങ്ങളെ ലഭ്യമായേക്കില്ല എന്നുള്ളത് പെപ്പിന് തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. ഫുൾ ബാക്കായ ജോവോ കാൻസെലോക്ക് സസ്പെൻഷനാണ്.അദ്ദേഹത്തെ ഇന്നത്തെ മത്സരത്തിൽ ലഭ്യമായേക്കില്ല. കൂടാതെ സൂപ്പർതാരങ്ങളായ കെയ്ൽ വാക്കർ,ജോൺ സ്റ്റോണസ് എന്നിവർക്ക് മസിൽ ഇഞ്ചുറിയാണ്. ഇരുവരും കളിക്കുന്ന കാര്യം സംശയത്തിലാണ്.ഇതിനൊക്കെ പെപ് പരിഹാരം കണ്ടെത്തിയെ മതിയാവൂ.
— Murshid Ramankulam (@Mohamme71783726) April 26, 2022
എന്നാൽ ഈ പ്രതിരോധനിര താരങ്ങളുടെ അഭാവമൊന്നും പെപ്പിനെ അലട്ടുന്നില്ല.പന്ത് കൈവശം വെക്കുന്നത് നല്ല രൂപത്തിൽ പ്രതിരോധിക്കുന്നതിന് തുല്യമാണ് എന്നാണ് പെപ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നല്ല രൂപത്തിൽ എതിരാളികളെ പ്രതിരോധിക്കാൻ വേണ്ടി കൂടുതൽ താരങ്ങളെയൊന്നും ബോക്സിനകത്ത് ആവശ്യമില്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. മറിച്ച് നല്ല രൂപത്തിൽ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം പന്ത് കൈവശം വെക്കുക എന്നുള്ളതാണ് ” ഇതാണ് പെപ് പറഞ്ഞത്.
പ്രധാനപ്പെട്ട താരങ്ങൾക്ക് പരിക്കേറ്റത് റയലിനും തിരിച്ചടിയാണ്. ഏതായാലും സ്വന്തം മൈതാനത്തിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനാവും ഇന്ന് പെപ്പും സംഘവും ശ്രമിക്കുക.