നെയ്മർ മാജിക്‌, ചുവന്ന ചെകുത്താൻമാരെ തരിപ്പണമാക്കി പിഎസ്ജി !

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന കരുത്തരുടെ പോരാട്ടത്തിൽ പിഎസ്ജിക്ക്‌ വമ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിട്ടത്. യുണൈറ്റഡിന്റെ ഹോം മൈതാനമായ ഓൾഡ് ട്രാഫോഡിൽ വെച്ചാണ് പിഎസ്ജി യുണൈറ്റഡിനെ കശാപ്പ് ചെയ്തത്. സൂപ്പർ താരം നെയ്മർ ജൂനിയറുടെ മിന്നും പ്രകടനമാണ് പിഎസ്ജിയെ ഉജ്ജ്വലവിജയം നേടാൻ സഹായിച്ചത്. ജയത്തോടെ പിഎസ്ജി തങ്ങളുടെ നില കൂടുതൽ സുരക്ഷിതമാക്കി.മാഞ്ചസ്റ്റർ യുണൈറ്റഡ്, പിഎസ്ജി, ആർബി ലീപ്സിഗ് എന്നീ മൂന്ന് ടീമുകൾക്കുമിപ്പോൾ ഒമ്പത് പോയിന്റ് വീതമാണുള്ളത്. ഇനി ഇസ്താംബൂളിനെതിരെയുള്ള മത്സരത്തിൽ വിജയിക്കാനായാൽ പിഎസ്ജിക്ക്‌ മുന്നേറാൻ സാധിക്കും.

നെയ്മർ, കീൻ, എംബാപ്പെ എന്നീ ത്രയമായിരുന്നു പിഎസ്ജിയെ നയിച്ചിരുന്നുവെങ്കിൽ കവാനി, റാഷ്ഫോർഡ്, ബ്രൂണോ, മാർഷ്യൽ എന്നിവർക്കായിരുന്നു യുണൈറ്റഡിന്റെ ആക്രമണചുമതല. മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ നെയ്മർ ഗോൾ കണ്ടെത്തി. ബോക്സിനുള്ളിൽ എംബാപ്പെ നടത്തിയ ശ്രമത്തിനൊടുവിൽ നെയ്മർ ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ മുപ്പത്തിരണ്ടാം മിനുട്ടിൽ റാഷ്ഫോർഡ് യുണൈറ്റഡിന് സമനില നേടികൊടുത്തു. ഇതോടെ ആദ്യ പകുതിയിൽ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയുടെ 69-ആം മിനുട്ടിൽ മാർക്കിഞ്ഞോസ് ഗോൾ കണ്ടെത്തി. ഒരു കോർണർ കിക്കിൽ നിന്നും ഉണ്ടായ ബോക്സിൽ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മാർക്കിഞ്ഞോസ് വലകുലുക്കുകയായിരുന്നു. പിന്നാലെ രണ്ടാം യെല്ലോ കാർഡും കണ്ടു യുണൈറ്റഡ് താരം ഫ്രെഡ് പുറത്ത് പോയത് തിരിച്ചടിയായി. ഒടുവിൽ 91-ആം മിനുട്ടിൽ മധ്യനിരയിൽ വെച്ച് നെയ്മർ തുടങ്ങിയ മുന്നേറ്റം റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് നെയ്മർ തന്നെ ഫിനിഷ് ചെയ്തതോടെ മത്സരം പിഎസ്ജിയുടെ വരുതിയിലാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *