നെയ്മർക്ക് പരിക്കേൽക്കാൻ കാരണം താരത്തിന്റെ കളിശൈലിയോ?പോച്ചെട്ടിനോ പറയുന്നു!

ചാമ്പ്യൻസ് ലീഗിലെ നിർണായകമത്സരങ്ങൾക്ക് മുമ്പ് നെയ്മർ പരിക്കേറ്റ് പുറത്താവുക എന്നുള്ളത് സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. പിഎസ്ജിയിൽ എത്തിയ ശേഷമാണ് ഈ പ്രവണത കാണാൻ കഴിയുന്നത്. പലപ്പോഴും ഫെബ്രുവരി മാസത്തിൽ നെയ്മർ പരിക്ക് കാരണം പുറത്തായിരിക്കും. ഇതോടെ നെയ്മർക്ക് നേരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എതിർതാരങ്ങളെ പ്രകോപിതരാക്കുന്ന താരത്തിന്റെ കളിശൈലിയാണ് ഈ പരിക്കുകൾക്ക് കാരണമെന്ന് ഒരു കൂട്ടം വാദിച്ചിരുന്നു. എന്നാൽ ഈ വാദത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പിഎസ്ജി പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോ. നെയ്മർ എതിർ കളിക്കാരെ പ്രകോപിതരാക്കാൻ ശ്രമിക്കുകയല്ലെന്നും അദ്ദേഹം ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നത് അങ്ങനെയാണ് എന്നുമാണ് പോച്ചെട്ടിനോ ഇതിന് വിശദീകരണം നൽകിയത്. നെയ്മർ ട്രെയിനിങ്ങിലും ഇതേരൂപത്തിൽ തന്നെയാണ് കളിക്കാറുള്ളത് എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്.

” നെയ്മർ എപ്പോഴും സ്ട്രോങ്ങ്‌ ടാക്കിളുകൾക്ക് ഇരയാവുന്ന വ്യക്തിയാണ്.റഫറി എപ്പോഴെങ്കിലും തങ്ങളുടെ കോമൺ സെൻസ് ഉപയോഗിച്ച് അദ്ദേഹത്തെ കുറച്ചെങ്കിലും സംരക്ഷിക്കാൻ ശ്രമിക്കണം.ബോൾ എപ്പോഴും കാലിൽ ഉണ്ടായിരിക്കുന്നത് നെയ്മർ ആസ്വദിക്കുന്നു.അദ്ദേഹം എങ്ങനെയാണോ കളിക്കുന്നത് അത് അദ്ദേഹം ഇഷ്ടപ്പെടുന്ന രീതിയാണ്. അത് പ്രകോപിപ്പിക്കൽ അല്ല.അദ്ദേഹം പരിശീലനത്തിൽ കൂടി ഇങ്ങനെയാണ് കളിക്കാറുള്ളത്.നെയ്മർ ഫുട്ബോളിനെ ഇഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അല്ലാതെ പ്രകോപിപ്പിക്കൽ അല്ല.ബാഴ്‌സക്കെതിരെ കളിക്കാൻ നെയ്മർ ഏറെ ആഗ്രഹിച്ചിരുന്നു. അതിന് സാധിക്കാത്തതിൽ അദ്ദേഹം ദുഃഖത്തിലാണ്.ചാമ്പ്യൻസ് ലീഗ് അദ്ദേഹം ഇഷ്ടപ്പെടുന്നു. അദ്ദേഹം ഇല്ലാത്തത് ടീമിന് തിരിച്ചടിയാണ്. രണ്ടാം പാദത്തിൽ അദ്ദേഹം മടങ്ങിവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” പോച്ചെട്ടിനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *