നെയ്മർക്കും എംബപ്പേക്കും സാധിക്കാത്ത UCL മെസ്സി നേടിത്തരുമെന്ന് പ്രതീക്ഷ : പിഎസ്ജി ഇതിഹാസം!

നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും അപകടകാരികളായ മുന്നേറ്റ നിര ഏതെന്ന് ചോദിച്ചാൽ ആർക്കും സംശയം കാണില്ല, അത് പിഎസ്ജിയുടെ മുന്നേറ്റനിര തന്നെയാണ്. നെയ്മർ ജൂനിയർ-കിലിയൻ എംബപ്പേ എന്നീ കൂട്ടുകെട്ടിനൊപ്പം സാക്ഷാൽ ലയണൽ മെസ്സിയാണ് പുതുതായി ചേർന്നിട്ടുള്ളത്. ഈ സീസണിൽ മൂവരും ഒരുമിച്ച് കളിക്കുന്ന ഇതുവരെ സാധിച്ചിട്ടുമില്ല.

അതേസമയം നെയ്മറും എംബപ്പേയും ഉണ്ടായിട്ട് ലഭിക്കാത്ത ചാമ്പ്യൻസ് ലീഗ് കിരീടം മെസ്സിയുടെ വരവോടു കൂടി ലഭിക്കുമെന്നുള്ള പ്രതീക്ഷയാണിപ്പോൾ പിഎസ്ജിയുടെ ഇതിഹാസതാരമായ പൗലേറ്റ വെച്ച് പുലർത്തുന്നത്.പിഎസ്ജിക്ക്‌ വേണ്ടി 109 ഗോളുകൾ നേടിയ താരമാണ് പൗലേറ്റ. കഴിഞ്ഞ ദിവസം ലീഗ് വണ്ണിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും പിഎസ്ജിയിൽ എത്തിയതിന് ശേഷം പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിരുന്നുവെങ്കിൽ അവർ ഒരു പെർഫെക്ട് കൂട്ടുകെട്ടാണെന്ന് എല്ലാവരും പറഞ്ഞേനെ.പക്ഷേ അവർക്ക് ഇതുവരെ അത് നേടാൻ സാധിച്ചിട്ടില്ല.അത്കൊണ്ട് തന്നെ വിമർശനങ്ങൾ ഉയർന്നു വരിക എന്നുള്ളത് സ്വാഭാവികമാണ്.പക്ഷേ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും നന്നായി ഒത്തിണങ്ങിയ താരങ്ങളാണ്.വ്യത്യസ്ഥ ശൈലികൾ ഉണ്ടെങ്കിലും പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഒരുപാട് ക്വാളിറ്റിയുള്ള താരങ്ങളാണ് അവർ.പരസ്പരപൂരകങ്ങളായാണ് അവർ പ്രവർത്തിക്കുന്നത്.ഇനി ലയണൽ മെസ്സി കൂടി ഇതിലേക്ക് ചേരുമ്പോൾ അവർ വലിയ ശക്തിയാവും. അത്കൊണ്ട് തന്നെ മെസ്സിയുടെ വരവോടു കൂടി പിഎസ്ജിക്ക്‌ ചാമ്പ്യൻസ് ലീഗ് കിരീടം ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ ” പൗലേറ്റ പറഞ്ഞു.

ക്ലബ് ബ്രൂഗെക്കെതിരെയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം കളിക്കുന്നത്. ഈ മത്സരത്തിൽ മെസ്സി-നെയ്മർ-എംബപ്പേ ത്രയത്തെ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *