നെയ്മറോട് മാപ്പ് പറഞ്ഞു : വെളിപ്പെടുത്തലുമായി ജീസസ്!
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സിറ്റി പിഎസ്ജിയെ സ്വന്തം മൈതാനത്ത് പരാജയപ്പെടുത്തിയത്. മത്സരത്തിൽ കിലിയൻ എംബപ്പേയിലൂടെ പിഎസ്ജി ലീഡ് നേടിയെങ്കിലും റഹീം സ്റ്റെർലിംഗ്, ഗബ്രിയേൽ ജീസസ് എന്നിവരുടെ ഗോളുകൾ സിറ്റിക്ക് ജയം സമ്മാനിക്കുകയായിരുന്നു.
പകരക്കാരനായി ഇറങ്ങിയ ജീസസ് ഒരു ഗോളും ഒരു അസിസ്റ്റുമായി മികച്ച പ്രകടനം നടത്തി. ഏതായാലും മത്സരശേഷം ഗബ്രിയേൽ ജീസസ് തന്റെ ബ്രസീലിയൻ സഹതാരമായ നെയ്മർ ജൂനിയറെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. നെയ്മറോട് താൻ മാപ്പ് പറഞ്ഞു എന്നാണ് ജീസസ് അറിയിച്ചിട്ടുള്ളത്.മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നെയ്മർ ജൂനിയർ ഒരു തകർപ്പൻ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ ഈ മുന്നേറ്റം ഒരു ഫൗളിലൂടെ തടഞ്ഞത് ജീസസായിരുന്നു. ഒരു യെല്ലോ കാർഡ് ജീസസ് വഴങ്ങുകയും ചെയ്തിരുന്നു. ഈ ഫൗളിനാണ് താൻ നെയ്മറോട് സോറി പറഞ്ഞത് എന്നാണ് ജീസസ് അറിയിച്ചത്.
Gabriel Jesus had quite a chat with Neymar at the end, and later revealed what was said #MCFC #PSG https://t.co/4qlokJ7u9T
— Stuart Brennan (@StuBrennanMEN) November 24, 2021
“ഞാൻ നെയ്മറോട് സോറി പറഞ്ഞിരുന്നു. കാരണം ഞങ്ങൾ സഹോദരൻമാരെ പോലെയാണ്.പക്ഷേ ഇത് ഫുട്ബോൾ ആണല്ലോ. ഞാനൊരിക്കലും ആരെയും പരിക്കേൽപ്പിക്കാൻ ഉദ്ദേശിക്കാറില്ല.ഞാൻ നെയ്മറെ തടയാനാണ് ശ്രമിച്ചത്. കാരണം എനിക്ക് അദ്ദേഹത്തിന്റെ ക്വാളിറ്റി അറിയാം.ഏത് സമയത്തും ഗോൾ നേടാൻ കഴിവുള്ള താരമാണ് നെയ്മർ.പക്ഷേ മത്സരശേഷം ഞാൻ സോറി പറഞ്ഞു.ഞാൻ അത് ചെയ്യേണ്ടതാണ്.അപ്പോൾ നെയ്മർ പറഞ്ഞത്, നെയ്മറായിരുന്നുവെങ്കിലും അങ്ങനെ ചെയ്യുമായിരുന്നു എന്നാണ് ” ജീസസ് പറഞ്ഞു.