നെയ്മറുടെയും ഡിമരിയയുടെയും പരിക്ക്, മാർക്കിഞ്ഞോസ് പറഞ്ഞത് ഇങ്ങനെ!

കഴിഞ്ഞദിവസം നടന്ന കാനിനെതിരായ മത്സരത്തിലായിരുന്നു പിഎസ്ജിയുടെ സൂപ്പർതാരം നെയ്മർ ജൂനിയർക്ക് പരിക്കേറ്റത്. തുടർന്ന് താരത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ നെയ്മർക്ക് നാലാഴ്ച്ചയോളം വിശ്രമം വേണ്ടിവരുമെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണക്കെതിരായ ആദ്യപാദമത്സരത്തിൽ നെയ്മർക്ക് കളിക്കാൻ സാധിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.നെയ്മറിന് മുമ്പേ എയ്ഞ്ചൽ ഡിമരിയക്കും പരിക്കേറ്റിരുന്നു.ഈ രണ്ട് താരങ്ങളുടെയും അഭാവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പിഎസ്ജി നായകൻ മാർക്കിഞ്ഞോസ്.തീർത്തും നിരാശയാണ് മാർക്കിഞ്ഞോസ് പ്രകടിപ്പിച്ചത്.എന്നാൽ ടീം എന്ന നിലയിൽ മത്സരത്തെ ധൈര്യപൂർവ്വം നേരിടുമെന്നും മാർക്കിഞ്ഞോസ് പ്രഖ്യാപിച്ചു.

” അവരിരുവരും പ്രധാനപ്പെട്ട താരങ്ങളാണ്. അവരുടെ ക്വാളിറ്റിയും, മത്സരഗതിയെ മാറ്റിമറിക്കാനുള്ള പവറുമൊക്കെ മുമ്പ് തന്നെ നമ്മൾ മനസ്സിലാക്കിയിട്ടുള്ളതാണ്.പക്ഷെ ഫുട്ബോൾ ഒരു കൂട്ടായുള്ള മത്സരമാണ്.അവിടെ ഒന്നോ രണ്ടോ താരങ്ങളേക്കാൾ കൂടുതൽ ടീം എന്ന നിലയിലാണ് പ്രവർത്തിക്കേണ്ടത്.അവരുടെ അഭാവത്തിലാണ് ഞങ്ങൾ ബാഴ്‌സയെ നേരിടുന്നത്.ഒരു നല്ല മത്സരം കാഴ്ച്ചവെക്കണം, അത് വഴി വിജയവും നേടണം. അതാണ് ഞങ്ങളിപ്പോൾ ചെയ്യാൻ പോവുന്നത് ” ഫ്രാൻസ് ബ്ലൂ പാരിസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മാർക്കിഞ്ഞോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *