ദുരൂഹം, എന്ത് ചെയ്യണമെന്ന് അറിയുന്നില്ല:UCL ഫോർമാറ്റിനെതിരെ പിഎസ്ജി കോച്ച്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ജിറോണയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ ജിറോണയുടെ ഗോൾകീപ്പർ വഴങ്ങിയ സെൽഫ് ഗോളാണ് പിഎസ്ജിക്ക് തുണയായിട്ടുള്ളത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് പിഎസ്ജിയാണെങ്കിലും ഗോളടിക്കാൻ അവർ കഷ്ടപ്പെടുകയായിരുന്നു.

ഏതായാലും 3 പോയിന്റുകൾ നേടി കൊണ്ട് ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പിഎസ്ജി പരിശീലകനായ ലൂയിസ് എൻറിക്കെ. അവ്യക്തതകളും ദുരൂഹതകളുമാണ് ടീമുകൾക്ക് മുന്നിലുള്ളത് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.എൻറിക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.

“മത്സരങ്ങൾ വിജയിക്കുക,കിരീടങ്ങൾ നേടുക എന്നുള്ളതൊക്കെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ഈ ചാമ്പ്യൻസ് ലീഗിലെ പുതിയ ഫോർമാറ്റ് കാരണം ഇതിന്റെ ഡയമെൻഷൻ ഞങ്ങൾക്ക് അറിയില്ല. ഞങ്ങളെക്കാൾ ഷെഡ്യൂളുകൾ എളുപ്പമുള്ള ക്ലബ്ബുകൾക്കെതിരെയാണ് ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ എത്ര പോയിന്റുകൾ നേടണം എന്നുള്ളത് തികച്ചും അവ്യക്തമായ ഒരു കാര്യമാണ്.ഈ ഫോർമാറ്റിലെ പല കാര്യങ്ങളും ദുരൂഹമാണ്. അതിൽ എല്ലാം വ്യക്തത വരുത്തേണ്ടതുണ്ട് ” ഇതാണ് പിഎസ്ജിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വളരെ ബുദ്ധിമുട്ടേറിയ ഒരു ഗ്രൂപ്പ് ഘട്ടമാണ് പിഎസ്ജിയെ ഇത്തവണ കാത്തിരിക്കുന്നത്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി,ബയേൺ മ്യൂണിക്ക് എന്നിവരെ പിഎസ്ജിക്ക് നേരിടേണ്ടി വരുന്നുണ്ട്. കൂടാതെ ആഴ്സണലും അത്ലറ്റിക്കോ മാഡ്രിഡും ഇവരുടെ എതിരാളികളാണ്. ചുരുക്കത്തിൽ പ്രീ ക്വാർട്ടർ യോഗ്യത നേടുക എന്നുള്ളത് തന്നെ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *