തുടർച്ചയായ 16-ആം സീസണിലും ഗോൾ, 36 ടീമുകൾക്കെതിരെയും ഗോൾ, റെക്കോർഡുകൾ വാരിക്കൂട്ടി മെസ്സി !

ഇന്നലെ ഫെറെൻക്വെറോസിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ വിജയം കൊയ്തത്. മത്സരത്തിൽ ബാഴ്സയുടെ ആദ്യ ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു. പെനാൽറ്റിയിലൂടെ നേടിയ ഈ ഗോൾ മെസ്സിക്ക് നിരവധി റെക്കോർഡുകളാണ് നേടികൊടുത്തത്. തുടർച്ചയായ പതിനാറാം ചാമ്പ്യൻസ് ലീഗ് സീസണിലാണ് മെസ്സി ഗോൾ കണ്ടെത്തുന്നത്. 2005/06 സീസണിലായിരുന്നു മെസ്സി തന്റെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. അത്‌ ഇതുവരെ എത്തി നിൽക്കുന്നു. റയാൻ ഗിഗ്സിന്റെ റെക്കോർഡിനൊപ്പമാണ് മെസ്സിയിപ്പോൾ എത്തി നിൽക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഇദ്ദേഹം പതിനാറ് ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മെസ്സിയുടെ ചാമ്പ്യൻസ് ലീഗിലെ ഗോൾ വേട്ട 116 ആയി. 144 മത്സരങ്ങളിൽ നിന്നാണ് താരം ഈ ഗോളുകൾ കണ്ടെത്തിയത്. 69 ഗ്രൂപ്പ്‌ ഘട്ടഗോളുകൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 73 ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിൽ നിന്നാണ് ഇത്. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഗ്രൂപ്പ്‌ സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് മെസ്സി.

ഇനി ഇന്നലെ മെസ്സി കുറിച്ച മറ്റൊരു റെക്കോർഡാണ് ചാമ്പ്യൻസ് ലീഗിൽ മുപ്പത്തിയാറ് വ്യത്യസ്ഥ ടീമുകൾക്കെതിരെ ഗോൾ നേടി എന്നുള്ളത്. ഫെറെൻക്വേറൊസാണ് ഈ ലിസ്റ്റിലെ ഏറ്റവും പുതിയ ടീം. 41 ടീമുകളെയാണ് മെസ്സി ഇതുവരെ നേരിട്ടിട്ടുള്ളത്. ഇതിൽ റുബിൻ കസാൻ, അത്‌ലെറ്റിക്കോ മാഡ്രിഡ്‌, ബെൻഫിക്ക, ഉഡിനസ്, ഇന്റർ മിലാൻ എണീ ടീമുകൾക്കെതിരെയാണ് മെസ്സിക്ക് ഗോൾ നേടാൻ സാധിക്കാതെ വന്നത്. പതിനാറ് രാജ്യങ്ങളിലുള്ള ടീമുകൾക്കെതിരെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിൽ 26 ഗോളുകൾ പ്രീമിയർ ലീഗ് ക്ലബുകൾക്കെതിരെയാണ്. ആഴ്സണലാണ് മെസ്സിയുടെ ബൂട്ടിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീം. ഒമ്പത് തവണയാണ് ചാമ്പ്യൻസ് ലീഗിൽ ആഴ്സണലിനെതിരെ മെസ്സി വലകുലുക്കിയിട്ടുള്ളത്. എസി മിലാൻ, സെൽറ്റിക്ക് എന്നിവർക്ക് എട്ട് തവണ മെസ്സിയുടെ പ്രഹരമേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *