തുടർച്ചയായ പതിനേഴാം വർഷവും ചാമ്പ്യൻസ് ലീഗിൽ ഗോൾ നേട്ടം,റെക്കോർഡിനൊപ്പമെത്തി മെസ്സി!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ കനത്ത പരാജയമേറ്റുവാങ്ങിയിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്‌സ പിഎസ്ജിയോട് തകർന്നടിഞ്ഞത്. മത്സരത്തിൽ ബാഴ്‌സയുടെ ആശ്വാസഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു. ബാഴ്സക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷത്തിലെത്തിച്ചുകൊണ്ട് മെസ്സി ലീഡ് നേടി കൊടുക്കുകയായിരുന്നു. ഈ ഗോൾനേട്ടത്തോടെ മറ്റൊരു റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് മെസ്സി. തുടർച്ചയായ പതിനേഴാം വർഷവും മെസ്സി ചാമ്പ്യൻസ് ലീഗിൽ ഗോൾ കണ്ടെത്തിയിട്ടുണ്ട്.മുൻ ഇതിഹാസതാരം റൗൾ ഗോൺസാലസിന്റെ റെക്കോർഡിനൊപ്പമാണ് മെസ്സിയെത്തിയിട്ടുള്ളത്. 1995 മുതൽ 2011 വരെയാണ് റൗൾ ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയിട്ടുള്ളത്.

2005 മുതൽ 2021 വരെ മെസ്സി ചാമ്പ്യൻസ് ലീഗിൽ ഗോളുകൾ നേടിയിട്ടുണ്ട്. അടുത്ത വർഷം കൂടി മെസ്സിക്ക് ഗോൾ നേടാനായാൽ ഈ റെക്കോർഡ് ഭേദിക്കനാവും.അതേസമയം ഇന്നലത്തെ മെസ്സിയുടെ ഗോൾ ഈ സീസണിൽ താരം നേടുന്ന 20-ആം ഗോൾ ആയിരുന്നു.തുടർച്ചയായ പതിമൂന്നാം സീസണിലാണ് മെസ്സി ഇരുപത് ഗോളുകൾ നേടുന്നത്.കൂടാതെ ഇന്നലത്തെ ഗോൾ മെസ്സി ബാഴ്‌സക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ നേടുന്ന 28-ആം ഗോൾ ആയിരുന്നു.31 മത്സരങ്ങളാണ് ഈ ഘട്ടത്തിൽ മെസ്സി ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ളത്. പക്ഷെ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഇന്നലത്തെ തോൽവി ഈ ചാമ്പ്യൻസ് ലീഗിലെ പ്രതീക്ഷകളെ ഇല്ലാതാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *