ഞാനിവിടെ വന്നത് യൂറോപ്പ ലീഗ് കളിക്കാനല്ല, മാസ്മരികപ്രകടനത്തിന് ശേഷം നെയ്മർ പറയുന്നു !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിട്ടത്. മത്സരത്തിൽ രണ്ട് ഗോളുകൾ നേടിക്കൊണ്ട് മുന്നിൽ നിന്ന് നയിച്ചത് നെയ്മർ ജൂനിയറായിരുന്നു. മത്സരത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും നെയ്മർ നേടിയ ഗോളുകൾ പിഎസ്ജിക്ക്‌ തുണയാവുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവലിന്റെ വക്കിലായിരുന്ന പിഎസ്ജിക്ക്‌ ഈ ജയത്തോടെ പുതുജീവനാണ് ലഭിച്ചത്. ഗ്രൂപ്പിലെ മൂന്ന് ടീമുകൾക്കും ഒമ്പത് പോയിന്റാണെങ്കിലും അവസാനമത്സരം ദുർബലരായ ഇസ്താംബൂളിനെതിരെയാണ് എന്നുള്ളത് പിഎസ്ജിക്ക്‌ ആശ്വാസകരമായ കാര്യമാണ്. മത്സരശേഷം വളരെ ആവേശത്തോട് കൂടി സംസാരിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ. താൻ പിഎസ്ജിയിൽ എത്തിയിരിക്കുന്നത് യൂറോപ്പ ലീഗ് കളിക്കാനല്ലെന്നും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താൻ പഠിച്ചുവെന്നുമാണ് നെയ്മർ അറിയിച്ചത്. മത്സരശേഷം ഇലവൻ സ്പോർട്സ് പിടിയോട് സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ സൂപ്പർ താരം.

” ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുന്നതോ അതല്ലെങ്കിൽ യൂറോപ്പ ലീഗ് കളിക്കുന്നതോ ആയ ഒരു കാര്യത്തെ കുറിച്ചും ഞാൻ ചിന്തിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. അത്തരം കാര്യങ്ങൾ ഒന്നും തന്നെ എന്റെ തലക്കുള്ളിലൂടെ പോയിട്ടില്ല. ഇനി പോവുകയുമില്ല. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. ഞാൻ ഇവിടെ വന്നിരിക്കുന്നത് യൂറോപ്പ ലീഗ് കളിക്കാൻ വേണ്ടിയല്ല ” നെയ്മർ ജൂനിയർ പറഞ്ഞു. ഇതേ അഭിമുഖത്തിൽ തന്നെയായിരുന്നു തനിക്ക് മെസ്സിക്കൊപ്പം വീണ്ടും ചേരാൻ ആഗ്രഹമുണ്ടെന്ന് നെയ്മർ വെളിപ്പെടുത്തിയത്. അടുത്ത വർഷം അത്‌ സാധ്യമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നെയ്മർ കൂട്ടിച്ചേർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *