ഞങ്ങളെ അപകടത്തിലേക്ക് തള്ളിയിടാൻ കഴിയുന്ന താരമാണ് ക്രിസ്റ്റ്യാനോ: കൂമാൻ !

ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തി കൊണ്ട് കാത്തിരിപ്പിന് വിരാമമാവുകയാണ്. ഏറ്റവും കൂടുതൽ ആരാധകപിന്തുണയുള്ള രണ്ട് സൂപ്പർ താരങ്ങൾ തമ്മിൽ ഒരിക്കൽ കൂടി മുഖാമുഖം വരികയാണ്. ക്രിസ്റ്റ്യാനോ യുവന്റസിൽ എത്തിയതിനു ശേഷം ഇതാദ്യമായാണ് മെസ്സിയുൾപ്പെടുന്ന ബാഴ്സയെ താരം നേരിടാനൊരുങ്ങുന്നത്. അത്കൊണ്ട് തന്നെ ഇത്തവണ ആര് വിജയം സ്വന്തമാക്കും എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്.

ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. ഫുട്ബോളിന്റെ തലപ്പത്ത് തന്നെ തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോയെന്നും തങ്ങളെ അപകടത്തിലേക്ക് തള്ളിയിടാൻ കഴിവുള്ള താരമാണ് അദ്ദേഹമെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് കൂമാൻ. എന്നാൽ താരത്തെ നന്നായി ഡിഫൻഡ് ചെയ്താൽ ക്രിസ്റ്റ്യാനോക്ക്‌ അതിന് സാധിക്കില്ലെന്നും കൂമാൻ അറിയിച്ചു.

” ഇതൊരു വ്യക്തിയെ മാത്രം സംബന്ധിക്കുന്ന മത്സരമല്ല. രണ്ട് മഹത്തായ ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അത്കൊണ്ട് തന്നെ ഇതൊരു പ്രധാനപ്പെട്ട മത്സരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോഴും ഫുട്ബോളിന്റെ ഉയർന്ന തലത്തിൽ തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തിന്റെ പോരാട്ടമികവും ഗോളടിമികവുമാണ് അദ്ദേഹത്തെ ഇപ്പോഴും ഉയർന്ന തലത്തിൽ നിർത്തുന്നത്. അദ്ദേഹത്തെ തീർച്ചയായും നല്ല രീതിയിൽ പ്രതിരോധിക്കേണ്ടതുണ്ട്. കാരണം ബോൾ കൊണ്ട് പലതും ചെയ്യാൻ കഴിവുള്ള, അതിന് ശ്രമിക്കുന്ന താരമാണ് അദ്ദേഹം. ഞങ്ങൾ അദ്ദേഹത്തെ നല്ല രീതിയിൽ ഡിഫൻഡ് ചെയ്യുകയാണെങ്കിൽ,അദ്ദേഹത്തിന് ഞങ്ങളെ അപകടത്തിലേക്ക് തള്ളിയിടാൻ സാധിക്കില്ല ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *