ജർമ്മൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരമാവാൻ തോമസ് മുള്ളർ !

ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ സൂപ്പർ താരം തോമസ് മുള്ളർ മറ്റൊരു സുവർണ്ണനേട്ടത്തിനരികിലാണ്. ജർമ്മൻ ചരിത്രത്തിൽ ഏറ്റവും കൂടി കിരീടങ്ങൾ നേടിയ താരമാവാൻ ഒരുങ്ങുകയാണ് മുള്ളർ. കഴിഞ്ഞ ദിവസം ബയേണിനൊപ്പം യുവേഫ സൂപ്പർ കപ്പ് കൂടെ നേടിയതോടെയാണ് താരം ഒരു കിരീടം കൂടി തന്റെ ഷെൽഫിലേക്ക് എത്തിച്ചത്. ഇന്നലത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ സെവിയ്യയെ തകർത്തത്. മത്സരത്തിൽ ലിയോൺ ഗോറെട്സ്ക്ക, ഹവിയർ മാർട്ടിനെസ് എന്നിവരാണ് ബയേണിന് വേണ്ടി ഗോൾ നേടിയത്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് മുള്ളർ ആണ്.പുതിയ സീസൺ കിരീടനേട്ടത്തോടെ തുടങ്ങാൻ ബയേണിന് കഴിഞ്ഞു. ഈ വർഷം ബയേൺ നേടുന്ന നാലാമത്തെ കിരീടമാണിത്. ബുണ്ടസ്ലിഗ സ്വന്തമാക്കിയ ബയേൺ പിന്നീട് ഡിഎഫ്ബി പോക്കൽ കരസ്ഥമാക്കിയിരുന്നു. തുടർന്ന് പിഎസ്ജിയെ തറപ്പറ്റിച്ചു കൊണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് നേടുകയും ചെയ്തു.

ഇപ്പോഴിതാ യുവേഫ സൂപ്പർ കപ്പും സ്വന്തമാക്കിയിരിക്കുകയാണ്. തന്റെ ക്ലബ് കരിയർ മുഴുവനും ബയേൺ മ്യൂണിക്കിന് വേണ്ടി ചിലവഴിച്ച തോമസ് മുള്ളർ ഇന്നലത്തെ കിരീടത്തോട് കൂടി ഇരുപത്തിയാറു കിരീടങ്ങൾ ആണ് ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഇത് തന്റെ മുൻ സഹതാരമായിരുന്ന ഷ്വാൻസ്റ്റൈഗറിന്റെ റെക്കോർഡിനൊപ്പമെത്താൻ മുള്ളറെ സഹായിച്ചിരിക്കുകയാണ്. മുമ്പ് ഇരുപത്തിയാറ് കിരീടങ്ങൾ നേടിയ ഷ്വാൻസ്റ്റൈഗർ ആയിരുന്നു ജർമ്മനിയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം. ഇപ്പോഴത് തോമസ് മുള്ളറും കൂടി പങ്കിടുകയാണ്. എന്നാൽ അത്‌ മറികടക്കാൻ മുള്ളറിന് സുവർണ്ണാവസരം കൈവരുന്നുണ്ട്. ഈ ബുധനാഴ്ച നടക്കുന്ന ഡിഎഫ്എൽ സൂപ്പർ കപ്പ് ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ചാൽ ഈ നേട്ടം തന്റെ സ്വന്തം പേരിലാക്കാം. അതിനുള്ള ഒരുക്കത്തിലാണ് മുള്ളറും സംഘവും. അതേ സമയം യുവേഫ സൂപ്പർ കപ്പ് നേടുന്ന രണ്ടാമത്തെ മാത്രം ജർമ്മൻ പരിശീലകനാണ് ഫ്ലിക്ക്. മുമ്പ് ക്ലോപ് ആണ് യുവേഫ സൂപ്പർ കപ്പ് നേടിയ ജർമ്മൻ പരിശീലകൻ.

Leave a Reply

Your email address will not be published. Required fields are marked *