ജഴ്സിയിൽ ‘ആ രണ്ട് വാക്കുകളുണ്ടാവും’, ചാമ്പ്യസ് ലീഗിനെക്കുറിച്ച് യുവേഫ

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോൾ കോമ്പറ്റീഷനുകളായ യുവേഫ ചാമ്പ്യൻസ് ലീഗും യുവേഫ യൂറോപ്പ ലീഗും ഈ ആഴ്ച പുനരാരംഭിക്കാനിരിക്കെ ഈ കോമ്പറ്റീഷനുകളിൽ പങ്കെടുക്കുന്ന താരങ്ങളുടെ ജെഴ്സിയിൽ ‘Thank you’ എന്ന് എഴുതിയിരിക്കണമെന്ന് യുവേഫ (UEFA) ക്ലബ്ബുകൾക്ക് നിർദ്ദേശം നൽകി. കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽ നിന്ന് പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കാനാണിത്. ഓരോ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പും ഒരു മിനുട്ട് നേരം മൗനമാചരിക്കും. കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാണിത്. മത്സരങ്ങൾ പുനരാരംഭിക്കാൻ സഹായിച്ച, ത്യാഗങ്ങൾ സഹിച്ച ആരെയും മറക്കരുതെന്ന് യുവേഫ പ്രസിഡൻ്റ് അലക്സാണ്ടർ സെഫെറിൻ തൻ്റെ പ്രസ്താവനയിൽ അറിയിച്ചു.

വർണ്ണ വിവേചനത്തിനെതിരെയുള്ള പ്രചരണത്തിൻ്റെ ഭാഗമായി ഇത്തവണ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ക്യാപ്റ്റൻമാർ അണിയുന്ന ആം ബാൻഡിൽ ‘നോ റ്റു റേസിസം’ എന്ന് എഴുതിയിരിക്കും. കൂടാതെ മത്സരങ്ങൾ തുടങ്ങും മുമ്പ് കാൽമുട്ട് നിലത്തൂന്നിയുള്ള പ്രതിഷേധം ടീമുകൾ ആഗ്രഹിക്കുന്നുവെങ്കിൽ ചെയ്യാവുന്നതാണ്. ഇക്കാര്യം പക്ഷേ അതത് ടീമുകളാണ് തീരുമാനിക്കേണ്ടത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ ഈ മാസം ഏഴിനാണ് പുനരാരംഭിക്കുന്നത്. നേരത്തെ മാറ്റിവെച്ച പ്രീ ക്വോർട്ടർ രണ്ടാം പാദ മത്സരങ്ങളാണ് ആദ്യം നടക്കുക. തുടർന്ന് ക്വോർട്ടർ ഫൈനൽ മുതലുള്ള മത്സരങ്ങൾ പോർച്ചുഗലിലെ ലിസ്ബണിൽ വെച്ച് ഏകപാദ മത്സരങ്ങളായി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *