ജയിച്ചിട്ടും രക്ഷയില്ല, യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത്!

ഒരിക്കൽ കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടാക്കാതെ ചാമ്പ്യൻസ് ലീഗിൽ നിന്നും മടങ്ങി. എഫ്സി പോർട്ടോയാണ് പ്രീ ക്വാർട്ടറിൽ തന്നെ യുവന്റൻസിനെ പുറത്താക്കിയത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യുവന്റസ് വിജയിച്ചുവെങ്കിലും രണ്ട് എവേ ഗോളിന്റെ ആനുകൂല്യത്തിൽ പോർട്ടോ ക്വാർട്ടറിലേക്ക് ടിക്കെറ്റെടുക്കുകയായിരുന്നു.ആദ്യപാദ മത്സരത്തിൽ യുവന്റസ് 2-1 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. പക്ഷെ ഇന്നലത്തെ മത്സരത്തിൽ 3-2 ന്റെ വിജയം നേടാനായി. ഇങ്ങനെ 4-4 എന്ന സ്കോറിലാണ് മത്സരം അവസാനിച്ചത്. പക്ഷെ യുവന്റസിന്റെ മൈതാനത്ത് രണ്ട് ഗോളുകൾ നേടി എന്ന കാരണത്താൽ പോർട്ടോ യുവന്റസിനെ മറികടക്കുകയായിരുന്നു.

മത്സരത്തിന്റെ 19-ആം മിനുട്ടിൽ തന്നെ പോർട്ടോക്ക് വേണ്ടി ഒലിവേര പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി.തുടർന്ന് 49-ആം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും കിയേസ സമനില നേടി.പിന്നാലെ പോർട്ടോ താരം മെഹ്‌ദി റെഡ് കണ്ടത് യുവന്റസിന് അനുകൂലഘടകമായി.63-ആം മിനുട്ടിൽ കിയേസ തന്നെ വീണ്ടും ലീഡ് നേടികൊടുത്തു. ക്വഡ്രാഡോയുടെ പാസിൽ നിന്നായിരുന്നു അത്‌.എന്നാൽ 115-ആം മിനുട്ടിൽ ഒലിവേര വീണ്ടും ഗോൾ നേടിയതോടെ യുവന്റസ് മോഹങ്ങൾ തകർന്നടിഞ്ഞു.117-ആം മിനുട്ടിൽ റാബിയോട്ട് ഗോൾ നേടിയെങ്കിലും യുവന്റസിന് മുന്നേറാൻ അത്‌ മതിയാകുമായിരുന്നില്ല.അതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും തലകുനിച്ചു മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *