ചെൽസി ആരാധകർ എന്നെ കൂവില്ലെന്ന് പ്രതീക്ഷ : കോർട്ടുവ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരുടെ ഒരു മത്സരമാണ് നമ്മെ ഇനി കാത്തിരിക്കുന്നത്.സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ നിലവിലെ ചാമ്പ്യൻമാരായ ചെൽസിയാണ്.വരുന്ന ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് ചെൽസിയുടെ മൈതാനമായ സ്റ്റാഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് ആദ്യപാദ പോരാട്ടം അരങ്ങേറുക.
റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബൌട്ട് കോർട്ടുവക്ക് തന്റെ മുൻ മൈതാനത്തേക്കുള്ള ഒരു മടങ്ങി വരവായിരിക്കും ഈ മത്സരം.മുമ്പ് ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കോർട്ടുവ.ഏതായാലും ചെൽസി ആരാധകർ തന്നെ കൂവി വിളിക്കില്ല എന്നുള്ള പ്രതീക്ഷ ഇപ്പോൾ കോർട്ടുവ പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന്റെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഗോൾ കീപ്പർ.കോർട്ടുവയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 5, 2022
” ചെൽസി ആരാധകർ എന്നെ കൂവി വിളിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പക്ഷെ എന്താവുമെന്ന് നമുക്കൊരിക്കലും അറിയാൻ സാധിക്കില്ലല്ലോ? പക്ഷെ എന്തിനെയും നേരിടാൻ ഞാൻ തയ്യാറായിട്ടുണ്ട്. എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്ന് നമുക്ക് നോക്കിക്കാണാം.സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്കുള്ള സന്തോഷകരമായ തിരിച്ചുവരവ് ആവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ഇപ്പോൾ എതിരാളികളാണ്. ചെൽസി ആരാധകർക്കും വിജയമാണ് വേണ്ടത്, എനിക്കും വിജയമാണ് വേണ്ടത്. അതുകൊണ്ടുതന്നെ ചെൽസി ആരാധകരിൽ നിന്ന് കയ്യടികളൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല ” ഇതാണ് കോർട്ടുവ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് റയലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ ചെൽസിക്ക് സാധിച്ചിരുന്നു. അതിന് പ്രതികാരം തീർക്കാൻ റയലിന് കഴിയുമോ എന്നുള്ളതാണ് റയൽ ആരാധകർ ഉറ്റുനോക്കുന്നത്.