ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മെസ്സിയെ പിടിച്ചു കെട്ടാൻ ബുദ്ധിമുട്ടിയ കാര്യം തുറന്ന് പറഞ്ഞ് മുൻ യുണൈറ്റഡ് താരം!
2011-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു വിട്ടത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. കൂടാതെ ഒരു ഗോളും മെസ്സിയുടെ വകയായിരുന്നു.
ഏതായാലും ആ മത്സരത്തിൽ ലയണൽ മെസ്സിയെ പിടിച്ചു കെട്ടാൻ ബുദ്ധിമുട്ടിയ കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് താരമായ പാർക് ജി സൂങ്.മെസ്സിയെ പൂർണ്ണമായി തടയാൻ കഴിയില്ലെന്നും എന്നാൽ എത്രത്തോളം മെസ്സിയെ താൻ തടഞ്ഞു എന്നതിനെ കുറിച്ച് ചിന്തിക്കാറുണ്ട് എന്നുമാണ് പാർക്ക് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത് ഇങ്ങനെയാണ്.
"It wouldn't have been easy to mark him but, sometimes, I think about how much I could have done against him…" #mufc https://t.co/uAvBovulhU
— Man United News (@ManUtdMEN) December 9, 2021
“യഥാർത്ഥത്തിൽ നമ്മൾ ചെയ്യാത്ത കാര്യത്തെ കുറിച്ച് സംസാരിക്കൽ എളുപ്പമുള്ള കാര്യമല്ല. മാൻ മാർക്കിംഗ് കൃത്യമായി നടപ്പിലാക്കിയ ഒരേയൊരു താരത്തെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, അത് ആൻഡ്രിയ പിർലോയാണ്. ആ ചാമ്പ്യൻസ് ലീഗ് ഫൈനൽ സമയത്ത് മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായിരുന്നു.തടയാൻ കഴിയാത്ത വ്യക്തിയായിരുന്നു അന്ന് മെസ്സി. അത്കൊണ്ട് തന്നെ മെസ്സിയെ 100 ശതമാനം തടയാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് പറയാൻ കഴിയില്ല.മെസ്സിയെ തടയുക എന്നുള്ളത് എളുപ്പമുള്ള കാര്യവുമല്ല.പക്ഷേ മെസ്സിയെ എത്രത്തോളം ഞാൻ തടഞ്ഞു എന്നതിനെ കുറിച്ച് ചിന്തിക്കാറുണ്ട് ” പാർക്ക് ജി സൂങ് പറഞ്ഞു.
2005 മുതൽ 2012 വരെ യുണൈറ്റഡിനായി പാർക്ക് കളിച്ചിരുന്നു. മധ്യനിരയിലായിരുന്നു സൗത്ത് കൊറിയൻ താരം പന്ത് തട്ടിയിരുന്നത്.